കാസര്‍കോട്: കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലെ അഡ്യനടുക്കയില്‍ ബാങ്ക് കുത്തിതുറന്ന് രണ്ട് കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന കലന്തര്‍ എന്ന ഇബ്രാഹിം, പൈവളിഗെ ബായാറിലെ ദയാനന്ദ, സുള്ള്യ കൊയിലയിലെ റഫീഖ് എന്നിവരെയാണ് വിട്‌ള പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ആറിനാണ് അഡ്യനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ബാങ്കിന്റെ ശാഖയില്‍ കവര്‍ച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ്ങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. വിട്‌ള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുയും സി. സി. ടി. വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെ പ്രതികള്‍ സഞ്ചിച്ച കാര്‍ പെര്‍ള ചെക്ക് പോസ്റ്റ് കടന്നുപോയതായി വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.
വെല്‍ഡറായ ദയാനന്ദ ആഡംബര ജീവിതം നയിച്ചുവന്നത് നാട്ടുകാരില്‍ സംശയത്തിനിടവരുത്തിയിരുന്നു. ദയാനന്ദയുടെ നീക്കങ്ങളെക്കുറിച്ച് നാട്ടുകാര്‍ പോലീസിലറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ദയാനന്ദ പോലീസ് നിരീക്ഷണത്തിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം ഒരാഴ്ച മുമ്പ് ബായാറില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.