ന്യൂദല്‍ഹി- ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്ന പ്രതീക്ഷയില്‍ ടി.ആര്‍.എസ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെ പിരിച്ചു വിട്ട മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു അതൃപ്തി. തെരഞ്ഞെടുപ്പു നേരത്തെയാക്കുന്നതിനു വേണ്ടി കാലവാധി പൂര്‍ത്തിയാക്കുന്നതിനു എട്ടു മാസം മുമ്പ് നിയമസഭ പിരിച്ചു വിടുമെന്ന റാവുവിന്റെ പ്രസ്താവനയില്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ അതൃപ്തി അറിയിച്ചു. റാവുവിന്റെ പ്രസ്താവന അബദ്ധവും അനാവശ്യവുമാണ്. സാധ്യമായത്ര നേരത്തെ തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതിയുടെ 2002ലെ ഉത്തരവ്. ഇതില്‍ കാലതാമസമുണ്ടാകില്ല, മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പു വൈകിപ്പിച്ച് കാവല്‍ സര്‍ക്കാരിന് നേട്ടമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രകാരം സംസ്ഥാന നിയമസഭ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണ് ചട്ടം.
നവംബറില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. തെലങ്കാനയിലും ഈ സംസ്ഥാനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പു നടത്താമെന്ന പ്രതീക്ഷയിലാണ് ചന്ദ്രശേഖര്‍ റാവു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനയിട്ടില്ലെന്നും ഇതു പരിശോധിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 'തെലങ്കാന തെരഞ്ഞെടുപ്പിന് തീയതി കണ്ടിട്ടില്ല. ഇതിനായി നിയമത്തില്‍ പ്രത്യേക വകുപ്പുകളൊന്നുമില്ല. എന്നാല്‍ സുപ്രീം കോടതിയുടെ 2002ലെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനായിരിക്കും മുന്‍ഗണന,' അദ്ദേഹം പറഞ്ഞു.
#WATCH: Chief Election Commissioner OP Rawat says, "we'll assess if Telangana elections can be held with other 4 states. Any astrological predictions (over dates) made by anyone is notwithstanding" pic.twitter.com/f17R4nsvBF
— ANI (@ANI) September 7, 2018
മറ്റു നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തെലങ്കാനയിലും വോട്ടെടുപ്പ് നടത്താനാകുമോ എന്ന കാര്യം കമ്മീഷന്‍ പരിശോധിക്കും. ആരെങ്കിലും ജ്യോതിഷ പ്രവചനം നടത്തി തീയതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ കമ്മീഷനു പങ്കില്ല-റാവത്ത് വ്യക്തമാക്കി.