ന്യൂദല്‍ഹി- രാജ്യത്ത് പലയിടത്തും പശുവിന്റെ പേരില്‍ ആള്‍കൂട്ടം നടത്തുന്ന കൊലപാതകങ്ങളും മര്‍ദനങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന മുന്‍ നിര്‍ദേശം അനുസരിക്കാത്തതിന് സംസ്ഥാനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആള്‍കുട്ട മര്‍ദനങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളില്‍ നിന്ന് വിവരം ശേഖരിച്ച്, ഇതു തടയാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജൂലൈ 17ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ 11 സംസ്ഥാനങ്ങളും ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളും മാത്രമാണ് ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ ഇതു കണ്ടില്ലെന്നു നടിച്ചതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്.
ഈ സംസ്ഥാനങ്ങളോട് ഒരാഴ്ച്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വീഴ്ച വരുത്തിയാല്‍ അതതു സംസ്ഥാന ആഭ്യന്തര വകുപ്പു സെക്രട്ടറിമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ജൂലൈ 20-ന് രാജസ്ഥാനില്‍ ആല്‍വാറില്‍ ക്ഷീര കര്‍ഷകന്‍ റക്ബര്‍ ഖാനെ ഗോരക്ഷാ ഗുണ്ടകളടങ്ങുന്ന ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ ചിഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ പുനവാല സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആള്‍കുട്ട മര്‍ദനം തടയുന്നതിന് നിയമം ഉണ്ടാക്കാന്‍ ഒരു ഉന്നതാധികാര മന്ത്രിസഭാ സമിതിക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗോരക്ഷാ ഗുണ്ടകളുടേയും ആള്‍ക്കുട്ടത്തിന്റെ മര്‍ദന, കൊലപാതകങ്ങള്‍ തടയാന്‍ പരിഹാര നടപടികളും ശിക്ഷകളും അനുശാസിക്കുന്ന പുതിയ നിയമം കൊണ്ടു വരാന്‍ ജൂലൈ 17ലെ ഉത്തരിവില്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ ജില്ലകളിലും ആള്‍ക്കൂട്ട മര്‍ദന സംഭവങ്ങള്‍ തടയാന്‍ എസ്.പിയുടെ റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു ഡി.എസ്.പി കൂടി അടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും ഈ രണ്ടു ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രത്യേക ദൗത്യ സേന രൂപീകരിച്ച് ആള്‍കൂട്ട മര്‍ദനങ്ങള്‍ക്ക് കാരണമായേക്കാവുന്ന സംഭവങ്ങളെ കുറിച്ചും വിദ്വേഷ പ്രസംഗം, പ്രകോപനപരമായി പ്രസ്താവനകള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെ കുറിച്ചും രഹസ്യ വിവരശേഖരം നടത്തണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആള്‍കൂട്ട ആക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് മൂന്നാഴ്ച സമയവും കോടതി നല്‍കിയിരുന്നു.