ന്യൂദല്‍ഹി-ഹരിയാനയില്‍ ബിജെപി- ജനനായക് ജനതാ പാര്‍ട്ടി സഖ്യം തകര്‍ന്നു. ഇതേത്തുടര്‍ന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി. ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യം തകര്‍ന്നത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന മനോഹര്‍ ലാല്‍ ഖട്ടറിനെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും. കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നയബ് സൈനിയോ, സഞ്ജയ് ഭാട്ടിയയോ പുതിയ മുഖ്യമന്ത്രിയായേക്കും. ആറു സ്വതന്ത്ര എംഎല്‍എമാരും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ എംഎല്‍എയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളാണുള്ളത്. ജെജെപിക്ക് 10 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 46 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസിന് 30 എംഎല്‍എമാരാണുള്ളത്. അഞ്ച് ജെജെപി എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂരുമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.സഖ്യം പിളര്‍ന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പ്രഖ്യാപിച്ചത്.