ഹൈദരാബാദ്- നിലവിളിയും വേദനയും താണ്ടി പൂർണ ഗർഭിണിയായ മുത്തമ്മക്ക് ആശുപത്രിയിലെത്താൻ കിലോമീറ്ററുകളുടെ ദൂരമുണ്ടായിരുന്നു. മുളയിൽ കെട്ടിവെച്ച സാരിയിലിരുത്തി മുത്തമ്മയെയുമായി നാട്ടുകാർ ആശുപത്രിയിലേക്ക് ഓടിയെങ്കിലും അവരുടെ വേദനയും നിലവിളിയും ഏറിയേറി വന്നു. ഒടുവിൽ യാത്രാമധ്യ തന്നെ കാട്ടില്‍ അവരൊരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അസൗകര്യങ്ങളുടെ പെരുമഴക്കാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ പുറത്തുവന്നത്. ആന്ധ്രപ്രദേശിലെ വിസൈനഗരം ജില്ലയിൽനിന്നാണ് ഈ കാഴ്ച്ച. ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീയെ മുളയുടെ നടുവിൽ സാരി തൊട്ടിൽ പോലെ കെട്ടിയുണ്ടാക്കിയാണ് കൂടെയുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവരോടൊപ്പം സ്ത്രീകളും പുരുഷൻമാരുമുണ്ടായിരുന്നു. കാടിന് നടുവിലൂടെയുള്ള മൺറോഡിലൂടെയായിരുന്നു യാത്ര. പാറയും കല്ലുകളും നിറഞ്ഞ ഇതുവഴി വാഹനങ്ങൾക്ക് പോകാനാകില്ല. ആറേഴ് കിലോമീറ്റർ ദൂരമുണ്ടായിരുന്നു. എന്നാൽ അധികം വൈകാതെ മുത്തമ്മയുടെ പ്രസവവേദന ഇരട്ടിയായി. തുടർന്ന് ഇവർ വഴിയിൽ വെച്ചുതന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന മൂന്നു സ്ത്രീകളാണ് മുത്തമ്മയെ പ്രസവിക്കാൻ സഹായിക്കുന്നത്. ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ പൊക്കിൾകൊടി മുറിക്കുന്നതും വീഡിയോയിൽ കാണാം. ഒരു യുവാവാണ് ഈ യാത്രയുടെ വീഡിയോ പങ്കുവെച്ചത്. തങ്ങൾക്ക് റോഡ് സൗകര്യം ഒരുക്കണമെന്ന് നിരവധി തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് യുവാവ് പരാതിപ്പെടുന്നു. ഒരു രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും ഞങ്ങളെ സഹായിച്ചില്ലെന്നും ഇയാൾ പറയുന്നു.
അതേസമയം, ഈ മേഖലയിലേക്ക് റോഡുണ്ടാക്കുന്നതിന് വേണ്ടി അഞ്ചരക്കോടി രൂപ കഴിഞ്ഞവർഷം തന്നെ അനുവദിച്ചെങ്കിലും കോൺട്രാക്ടർമാർ മുന്നോട്ടുവരാത്താതാണ് റോഡ് നിർമാണം തടസപ്പെടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഈ ഭാഗത്ത് സ്ത്രീകളടക്കമുള്ളവർ ഇത്തരം ദുരിതം അനുഭവിക്കുന്നത് ഇത് ആദ്യമല്ല. ഇക്കഴിഞ്ഞ ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു.