കോഴിക്കോട്- ഗള്‍ഫിലേക്കും മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കും കപ്പലോടിക്കാന്‍ കേരള സര്‍ക്കാര്‍ സാധ്യതതേടുന്നു. താത്പര്യമുള്ള കമ്പനികളില്‍നിന്ന് കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍നിന്ന് യാത്രക്കപ്പലുകള്‍, ആഡംബര കപ്പലുകള്‍ എന്നിവ ഓടിക്കാനാണ് താത്പര്യപത്രം ക്ഷണിച്ചത്.
2001-ല്‍ കൊച്ചിയിലേക്ക് യാത്രക്കപ്പല്‍ സര്‍വീസ് തുടങ്ങിയെങ്കിലും രണ്ടുതവണ ഓടിയശേഷം നിര്‍ത്തുകയായിരുന്നു. മൂന്നു ദിവസമാണ് ഗള്‍ഫിലേക്ക് വേണ്ടിവരിക. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2009 മുതല്‍ കപ്പല്‍സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഉയര്‍ന്ന വിമാനക്കൂലിയും കൂടുതല്‍ ചരക്ക് കൊണ്ടുപോവാനാവാത്തതും കപ്പലിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍.
താത്പര്യമറിയിച്ചെത്തുന്ന കപ്പല്‍ കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, സര്‍ക്കാര്‍ അനുമതിയോടെ മാരിടൈം ബോര്‍ഡ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുമെന്ന് ചെയര്മാന് എന്‍.എസ്. പിള്ള പറഞ്ഞു. ഏതുതരം കപ്പലുകള്‍ ഓടിക്കാനാണ് കമ്പനികള്‍ സമീപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. ഏപ്രില്‍ 22 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
കപ്പലുകള്‍ അടുപ്പിക്കാനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനുമുള്ള ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡില്‍ (ഐ.എസ്.പി.എസ്.) ബേപ്പൂര്‍ തുറമുഖത്തിന് 2023-ല്‍ രാജ്യാന്തരപദവി ലഭിച്ചിരുന്നു.
മലബാര്‍ ഡിവലപ്മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍ ദുബായ് സന്ദര്‍ശിക്കുകയും പ്രമുഖ കപ്പല്‍ക്കമ്പനി പ്രതിനിധികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രമുഖര്‍ എന്നിവരുമായി ചര്‍ച്ച നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വിമാനങ്ങള്‍ വലിയനിരക്ക് ഈടാക്കുമ്പോള്‍ കപ്പല്‍ നിരക്കില്‍ കുറവുണ്ടാകുമെന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്ന് മലബാര്‍ ഡിവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി പറഞ്ഞു.
കുടുംബവുമായുള്ള യാത്രയ്ക്കും കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നുണ്ട്. യാത്രയ്ക്ക് താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ 12,000 പേര് വന്നതായും അദ്ദേഹം പറഞ്ഞു.