തലശ്ശേരി- ഉത്തര മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന തലശ്ശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്.
പൊതുമരാത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ. എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയില്‍ സന്നിഹിതരായി. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്.
ഉദ്ഘാടനത്തിന് ശേഷം സ്പീക്കര്‍ എ. എന്‍. ഷംസീറും മന്ത്രി പി. എ. മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ. എസ്. ആര്. ടി. സിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്തു.
ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനത്തിന് മുന്‍പുതന്നെ ബി. ജെ. പിയുടെ നേതൃത്വത്തില്‍ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.
മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ്. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.
ഉദ്ഘാടനത്തിന് മുമ്പ് കാലത്ത് എട്ട് മണിക്ക് തന്നെ ബൈപ്പാസില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയിരുന്നു. ബി. ജെ. പി പ്രവര്‍ത്തകരും സി. പി. എം പ്രവര്‍ത്തകരും ബൈപ്പാസിലൂടെ റോഡ് ഷോയും നടത്തി.