Sorry, you need to enable JavaScript to visit this website.

നരേന്ദ്ര മോദിയും പിണറായി വിജയനും ഫാസിസത്തിന്റെ ഇരട്ട മുഖങ്ങള്‍: വി. ഡി സതീശന്‍ 

അങ്കമാലി- പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസത്തിന്റെ പുതിയ മുഖങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ചാലക്കുടി ലോകസഭാ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അങ്കമാലി സി. എസ്. എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യു. ഡി. എഫ് ചാലക്കുടി ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നരേന്ദ്ര മോദി മതത്തിന്റെയും ജാതിയുടെയും മറവില്‍ ഉത്തരേന്ത്യയില്‍ നരഹത്യ നടത്തുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ പോലീസിനെയും ക്രിമിനല്‍ സംഘങ്ങളെയും ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ്. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെയാണ് നരേന്ദ്ര മോദി അടിച്ചമര്‍ത്തുന്നത്. വന്യജീവി ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെയും സ്വന്തക്കാരെയും പിണറായിയുടെ പോലീസ് അടിച്ചമര്‍ത്തുന്നു. ഈ രണ്ടു ഫാസിസ്റ്റു ശക്തികളെയും തകര്‍ത്തെറിയുവാന്‍ ജനങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്.

പാചക വാതകം, പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന ഗ്യാരണ്ടിയിലാണ് 10 വര്‍ഷം മുന്‍പ്  നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. വില കുറച്ചില്ലെന്നു മാത്രമല്ല, ഇരട്ടിയില്‍ അധികമായി വില വര്‍ധിപ്പിച്ചു.

ജനങ്ങളെ ദ്രോഹിച്ചും അഴിമതിയും ധൂര്‍ത്തും സ്വജന പക്ഷപാതവുമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ഇരു സര്‍ക്കാരുകളെയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍, ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു. 

യു. ഡി. എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരം ഉണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. 

റോജി എം. ജോണ്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. കേരളം കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ ജോസഫ് എം. എല്‍. എ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ രണ്ടത്താണി, കേരളം കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ അനൂപ് ജേക്കബ്, യു. ഡി. എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍, ജെബി മേത്തര്‍ എം. പി, എം. എല്‍. എമാരായ അന്‍വര്‍  സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ എം. പി കെ. പി ധനപാലന്‍, മുന്‍ എം. എല്‍. എ പി. ജെ. ജോയി, ഡി. സി. സി പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, ജോസ് വള്ളൂര്‍, കെ. പി. സി. സി വൈസ് പ്രസിഡന്റ് വി. പി സജീന്ദ്രന്‍, കെ. പി. സി. സി സെക്രട്ടറിമാരായ എസ്. അശോകന്‍, അബ്ദുല്‍ മുത്തലിബ്, യു. ഡി. എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റ്റെഷന്‍, ആര്‍. എസ്. പി ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍, ഷിബു തെക്കുംപുറം, ബൈജു മേനാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Latest News