ഇടുക്കി- നരബലി ഉള്‍പ്പെടെ കട്ടപ്പന ഇരട്ട കൊലപാതകത്തിലെ ഒരു മൃതദേഹം കണ്ടെത്തി. കക്കാട്ടുകട നെല്ലിപ്പള്ളില്‍ എന്‍. ജി. വിജയന്റെ (57) ജഡമാണ് ഉച്ചക്ക് രണ്ടരയോടെ കക്കാട്ടുകടയിലെ വാടക വീട്ടില്‍ കുഴിച്ചിട്ട സ്ഥലത്തു നിന്നും കണ്ടെടുത്തത്.
കേസിലെ മുഖ്യപ്രതി നിധീഷിനെ സംഭവ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ കാണിച്ചു കൊടുത്ത സ്ഥലത്തു കുഴിച്ചപ്പോഴാണ് മൃതദേഹം കിട്ടിയത്. വിജയനെ കൊല്ലാന്‍ ഉപയോഗിച്ച ചുറ്റിക ഇയാളുടെ ബെല്‍റ്റ്, പാന്റ് എന്നിവ രാവിലെ കിട്ടിയിരുന്നു. തുടര്‍ന്ന് നിധീഷിനു വിജയന്റെ മകളില്‍ പിറന്ന നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിധീഷ്, വിജയന്റെ ഭാര്യ സുമ, മകന് വിഷ്ണു എന്നിവര്‍. നിധീഷ്, വിജയന്, മകന് വിഷ്ണു എന്നിവരാണ് കുഞ്ഞിനെ കൊന്ന കേസില്‍ പ്രതികള്‍.
കയ്യിലിരുന്ന കുഞ്ഞിനെ വിജയന് പിടിച്ചു നല്കിയപ്പോള് നിധീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്. ഐ. ആറില്‍ പറയുന്നു.
കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിടുകയാണുണ്ടായത്. എല്ലാവര്‍ക്കുമെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍. സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആഭിചാര ക്രിയയും ദുര്‍മന്ത്രവാദവും തൊഴിലാക്കിയ നിധീഷ് വിജയന്റെ വീട്ടില്‍ സ്വാധീനം ഉറപ്പിച്ചതോടെയാണ് ദുരന്തങ്ങള്‍ തുടങ്ങുന്നത്. വിജയന്റെ മകന് വിഷ്ണുവിന്റെ സുഹൃത്താണ് നിധീ ഷ്. ഒരു മോഷണത്തിനിടെ ഇരുവരും പിടിയിലാ യതിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഇരട്ടക്കൊല വെളിവായത്.
ജില്ല പോലീസ് മേധാവി ടി. കെ. വിഷ്ണുപ്രദീപ് തെളിവെടുപ്പിന് നേതൃത്വം നല്കുന്നു.