ജുബൈൽ -പ്രവാസി സമൂഹം അനുഭവിക്കുന്ന ഒറ്റപ്പെടലുകളെയും സമ്മർദങ്ങളെയും അതിജീവിക്കാൻ നല്ല സൗഹൃദങ്ങൾക്കാകുമെന്ന് പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റി അംഗവും സൗദി മലയാളി സമാജം സെക്രട്ടറിയുമായ റഊഫ് ചാവക്കാട് പറഞ്ഞു.
പ്രവാസി വെൽഫെയർ ജുബൈലിൽ 'പ്രവാസികളും മാനസിക ആരോഗ്യവും' എന്ന തലക്കെട്ടിൽ നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികജീവി എന്ന നിലയിൽ മനസുകൾ പങ്കുവെക്കാനും പരസ്പരം ചേർത്ത് പിടിക്കാനുമുള്ള ത്വര മനുഷ്യന്റെ സഹജ വാസനയാണ്.
പ്രമുഖ കൺസൽട്ടൻറ് സൈക്കോളജിസ്റ്റും സോഫ്റ്റ് സ്‌കിൽ ട്രെയ്‌നറുമായ റുഷ്‌ന നയിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറയിൽപെട്ട ആളുകൾ പങ്കെടുത്തു. മനസിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ പ്രവാസി സമൂഹം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ വിശദീകരിച്ചു. മെഡിറ്റേഷൻ ഉൾപ്പെടെയുള്ള തെറാപ്പി സെഷനും സദസ്സിന് നവ്യാനുഭവമായി.
പ്രവാസി വെൽഫെയർ ജുബൈൽ പ്രസിഡന്റ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു.
നൂഹ് പാപ്പിനിശ്ശേരി, സനൽ മാഷ്, ഡോ. സാബു, ബൈജു അഞ്ചൽ, സൈഫുദ്ധീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ കരീം ആലുവ മോഡറേറ്റർ ആയിരുന്നു. മുബാറക് ഓച്ചിറ, റിയാസ് തിരുവനന്തപുരം, മല്ലൂക് തിരുവനന്തപുരം,കെ.പി.മുനീർ, അൻവർ സാദിഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. റിജ്‌വാൻ ചേളന്നൂർ സ്വാഗതവും, ജബീർ പെരുമ്പാവൂർ നന്ദിയും പറഞ്ഞു.