ന്യൂദല്‍ഹി- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ബിഷപ്പിനെതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ആദ്യം പരാതി നല്‍കിയ കന്യാസ്ത്രീ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ബിഷപ്പ് പല തവണ മോശമായി സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സഭ വിട്ടതെന്ന് ഏതാനും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇതോടെ ബിഷപ്പിന് കുരുക്ക് മറുകുകയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ജലന്ധറിലെ മഠത്തില്‍ വെച്ച് കയറിപ്പിടിച്ചുവെന്നും ബലമായി ആലിംഗനം ചെയ്തുവെന്നുമാണ് കന്യാസ്ത്രീകളുടെ മൊഴി. ബിഷപ്പിനെതിരെ പരാതി ലഭിച്ച വിവരം സ്ഥിരീകരിക്കാന്‍ ഭഗല്‍പൂര്‍ ബിഷപ്പിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.