ധരംശാല- ധരംശാല ടെസ്റ്റില്‍ മിന്നുംപ്രകടനത്തോടെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം സമ്മാനിച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെത്തേടി മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് അശ്വിനൊപ്പം പോന്നത്. ധരംശാലയില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത് അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടമാണ്.
ടെസ്റ്റില്‍ 36ാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ധരംശാലയില്‍ അശ്വിന്റെ നൂറാം ടെസ്റ്റ് കൂടിയായിരുന്നെന്ന പ്രത്യേകതയുമുണ്ട്. നൂറാം ടെസ്റ്റില്‍ ഒരു റെക്കോഡിനു കൂടി ഉടമയാവാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലാണ് 37കാരനായ താരം. ഇന്ത്യയുടെ മുന്‍ വെറ്ററന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്. 35 തവണയാണ് കുംബ്ലെ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.
ലോക ക്രിക്കറ്റിലെ കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചവരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് അശ്വിനുള്ളത്. 67 തവണ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 133 ടെസ്റ്റുകളില്‍നിന്നാണിത്. ഓസ്‌ട്രേലിയയുടെ ഷെയിന്‍ വോണ്‍ 37 തവണയും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലിയും 36 തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.