Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കി ഷമ മുഹമ്മദ്

കണ്ണൂർ- കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കി ദേശീയ വക്താവ് ഷമ മുഹമ്മദ്. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ഷമ ആരോപിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷമ മുഹമ്മദ്.
അമ്പത്തിയൊന്ന് ശതമാനം സ്ത്രീ വോട്ടർമാരുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ ഒരു സീറ്റ് മാത്രമാണ് സ്ത്രീകൾക്കായി നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ലഭിച്ചിരുന്നു. 50 ശതമാനം സ്ത്രീസംവരണ ബിൽ പാസാക്കിയതിന് ശേഷമുള്ള അനുഭവമാണിത്. രാഹുൽജിയും സോണിയാജിയും എന്നും സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന് പറയുന്നവരാണ്. കൊച്ചിയിൽ നടന്ന പാർട്ടി യോഗത്തിൽ അടുത്ത പത്തു വർഷത്തിനകം രാജ്യത്ത് അമ്പത് ശതമാനം വനിതാ മുഖ്യമന്ത്രിമാരുണ്ടാകണമെന്നും, സ്ത്രീകൾ സദസ്സിലല്ല, വേദിയിൽ ഇരിക്കേണ്ടവരാണ് എന്നുമാണ് രാഹുൽജി പ്രസംഗിച്ചത്. ഇത് കേരള നേതാക്കൾ കൂടി ഉൾക്കൊള്ളണം.  ഷമ മുഹമ്മദ് പറഞ്ഞു.
വടകരയിൽ ഇടതുപക്ഷത്തിന് ഒരു വനിതാ സ്ഥാനാർഥിയുണ്ടായപ്പോൾ കോൺഗ്രസിന് കൂടി ഇത്തരത്തിൽ പരിഗണിക്കാമായിരുന്നു. ഇപ്പോൾ നിശ്ചയിച്ച ഷാഫി പറമ്പിൽ മികച്ച സ്ഥാനാർഥിയാണ്. എന്നാൽ അദ്ദേഹം എം.എൽ.എ സ്ഥാനത്തിരുന്നു കൊണ്ടാണ് മത്സര രംഗത്തേക്ക് വരുന്നത്. കഴിവുള്ള, വിജയ സാധ്യതയുള്ള ഒട്ടേറെ പേർ ഇവിടെയുണ്ടങ്കിലും അവരെയൊന്നും പരിഗണിച്ചില്ല. മാത്രമല്ല, വടക്കെ മലബാറിൽ ന്യൂനപക്ഷ വിഭാഗത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുമില്ല. മറ്റൊരു പാർട്ടിയുണ്ടല്ലോ എന്ന് പറഞ്ഞ് ഒഴിയുന്നതിൽ അർഥമില്ല. ഏറ്റവും വലിയ മതേതര പാർട്ടിയായ കോൺഗ്രസാണ് ഇക്കാര്യത്തിൽ മാതൃകയാവേണ്ടത്- ഷമ മുഹമ്മദ് പറഞ്ഞു.
 

Latest News