ന്യൂദല്‍ഹി-റോഡില്‍ നമസ്‌കരിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ തോമര്‍ പിന്നില്‍ നിന്നു ചവിട്ടിയത്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ (നോര്‍ത്ത്) എം.കെ.മീണ പറഞ്ഞു.
സബ് ഇന്‍സ്പെക്ടര്‍ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച പ്രദേശവാസികള്‍ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.
വെള്ളിയാഴ്ചയായതിനാല്‍ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീളുകയായിരുന്നു. അവിടെ നിസ്‌കാരം നടത്താന്‍ അനുമതി ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്. സംഭവസ്ഥലത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. നമസ്‌കാരത്തിനിടെ ആളുകളെ കയ്യേറ്റം ചെയ്ത സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം കുറ്റപ്പെടുത്തി.