Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ഫലിച്ചു, കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് സര്‍ക്കാര്‍ ചെലവില്‍ നല്‍കും

ബംഗളൂരു- കര്‍ണാടകയില്‍ 5, 8, 9 ക്ലാസുകളില്‍ ആരംഭിക്കുന്ന ബോര്‍ഡ് പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് നല്‍കും. വിദ്യാര്‍ഥികള്‍ തന്നെ ഉത്തരക്കടലാസ് കൊണ്ടുവരണമെന്ന നിര്‍ദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
5, 8, 9 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.
തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേറ്റീവ് അസസ്‌മെന്റ്2  പരീക്ഷകള്‍ എഴുതുന്ന 5, 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
നേരത്തെ, വിദ്യാര്‍ത്ഥികളോട്  ഉത്തരക്കടലാസുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായിരുന്നു. അടുത്തിടെ സമാപിച്ച നിയമസഭാ സമ്മേളനത്തിലും വിഷയം ചര്‍ച്ചയായിരുന്നു. ഈ തീരുമാനം പിന്‍വലിക്കണമെന്ന് രക്ഷിതാക്കളും സ്‌കൂള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റികളും (എസ്ഡിഎംസി) ആവശ്യപ്പെട്ടു.
5, 8, 9 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്. ഇതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 18 വരെ ഷെഡ്യൂള്‍ പ്രകാരം നടക്കും.
കഴിഞ്ഞ വര്‍ഷം ചോദ്യങ്ങളടങ്ങിയ ഉത്തരക്കടലാസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്.  ഈ വര്‍ഷം ചോദ്യക്കടലാസിനു പുറമെ, വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഉത്തരക്കടലാസുകള്‍ നല്‍കും.
കര്‍ണാടക സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (കെഎസ്‌ക്യുഎഎസി) പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്  നാല് രൂപയുടെ  4 പേജുകളുള്ള ഉത്തരക്കടലാസും എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 12 രൂപ വീതം വിലയുള്ള നാല് പേജ് വീതമുള്ള രണ്ട് ഉത്തരക്കടലാസുകളും നല്‍കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഓരോ വിഷയത്തിനും 18 രൂപ നിരക്കിലുള്ള  4 പേജുകളുള്ള 3 ഷീറ്റുകള്‍ നല്‍കും. ഉത്തരക്കടലാസുകളുടെ വില കര്‍ണാടക സ്‌റ്റേറ്റ് എക്‌സാമിനേഷന്‍ ആന്‍ഡ് അസസ്‌മെന്റ് ബോര്‍ഡ് (കെഎസ്ഇഎബി) വഹിക്കും.
5, 8, 9 ക്ലാസുകളിലെ എസ്എ2 ഉത്തരക്കടലാസുകള്‍ നല്‍കാനും മുഴുവന്‍ ചെലവും വഹിക്കാനും സര്‍ക്കാര്‍  ചുമതലപ്പെടുത്തിയതായും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ റൂള്‍ഡ് ഉത്തരക്കടലാസുകള്‍ നല്‍കുമെന്നും കെഎസ്ഇഎബി ഡയറക്ടര്‍ എച്ച്.എന്‍ ഗോപാലകൃഷ്ണ പറഞ്ഞു.

 

Latest News