തിരുവനന്തപുരം- സംസ്ഥാനത്ത് ക്ഷേമപെന്ഷന് വൈകുന്നതില്‍ വിമര്‍ശനമുന്നയിച്ച് സി.പി.ഐ. പെന്ഷന് വൈകുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സി.പി.ഐ പങ്കുവെച്ചത്. ഇടതുമുന്നണി യോഗത്തിലാണ് സി.പി.ഐയുടെ വിമര്‍ശം. അതേസമയം, ക്ഷേമ പെന്ഷന് എത്രയുംവേഗം നല്‍കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി മറുപടി നല്കി.
ക്ഷേമപെന്ഷന് വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സിപിഐ ഇക്കാര്യം ഉയര്‍ത്തിയത്. ഏഴുമാസത്തോളമായി പെന്ഷന് വൈകുകയാണ്. ഇതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്ഷന് വൈകുന്നതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി.
അതിനിടയിലാണ് വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐതന്നെ വിമര്‍ശനവുമായി രംഗത്തുവന്നത്. തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന വിമര്‍ശനത്തിന് മറുപടിയായി, വേഗത്തില്‍തന്നെ പെന്ഷന് നല്‍കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്കി.