Sorry, you need to enable JavaScript to visit this website.

തെയ്യത്തിന്റെ അനുഗ്രഹം തേടി എം.വി ബാലകൃഷ്ണന്‍ അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍

മടിക്കൈ( കാസര്‍കോട് )-  ലോകസഭാ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ തെയ്യത്തിന്റെ അനുഗ്രഹം തേടി കാസര്‍കോട്
ലോകസഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. വി  ബാലകൃഷ്ണന്‍ മടിക്കൈ  കക്കാട്ട്  ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ എത്തി. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് എല്‍.ഡി.എഫ്
സ്ഥാനാര്‍ത്ഥി ക്ഷേത്രത്തിലെത്തിയത്. ഈ സമയം വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം കളിയാട്ട അരങ്ങില്‍ ഉറഞ്ഞാടുന്നുണ്ടായി. 'അടുത്തെത്തിയ സ്ഥാനാര്‍ത്ഥിയോട് തിരക്കില്ലല്ലോ ചടങ്ങൊന്ന് പൂര്‍ത്തിയാക്കട്ടെ: എന്ന് തെയ്യം മൊഴി നല്‍കി. ഈ സമയം ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ ചടങ്ങ് പൂര്‍ത്തിയാക്കിയ വിഷ്ണുമൂര്‍ത്തി തെയ്യം
അട്ടക്കാട്ടമ്മയുടെ ശ്രീകോവിലിന് മുന്നിലെത്തി എം. വി ബാലകൃഷ്ണന് ദര്‍ശനം നല്‍കി.
'അനേകം കര്‍മ്മപ്രവര്‍ത്തനങ്ങള്‍ ചെയ്ത അനുഭവം തന്നെ ആണല്ലോ. വെറും വാക്ക് മൊഴിയുന്നില്ല, അനുഭവ തിങ്കല്‍ ആകട്ടെ.എന്റെയും ഭക്തന്മാരുടെയും സമക്ഷം കൈയിയെടുത്ത് ഉന്നതമായ പദവിയിലേക്ക് എത്തിച്ചേരട്ടെ..
പൂര്‍വ്വാധികം ഭംഗിയോടും ഐശ്യര്യത്തോടും വിളങ്ങാനുള്ള അനുഭവം ഭഗവാന്‍ ഉണ്ടാക്കി തരും...' വിഷ്ണുമൂര്‍ത്തി അനുഗ്രഹിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ദക്ഷിണയായി തെയ്യത്തിന് പണം നല്‍കി മഞ്ഞള്‍ കുറി സ്വീകരിച്ചു. പിന്നീട് തെയ്യം കോലധാരികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. ക്ഷേത്രം പ്രസിഡണ്ട് നാരായണന്‍ അട്ടക്കാട്ട്, സെക്രട്ടറി എ.എം. രവി, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ വി.എ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. എല്‍.ഡി.എഫ് നേതാക്കളായ സി. പ്രഭാകരന്‍, വി. പ്രകാശന്‍, വി.കെ രാജന്‍ എം.രാജന്‍, ബി. ബാലന്‍, രഞ്ജിത്ത്, അനില്‍ ബങ്കളം എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

 

Latest News