വടകര- ലോക സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ ചുമരെഴുത്ത് മാറ്റേണ്ടി വരുന്നത് രണ്ടാം തവണ. ഇത്തവണ. കെ. മുരളീധരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വടകരയിൽ തന്നെ മത്സരിക്കുമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ മുരളീധരന്‍ തന്നെയാകും സ്ഥാനാര്‍ഥി എന്നുറപ്പിച്ച് പല സ്ഥലത്തും പ്രവര്‍ത്തകര്‍ ചുമരെഴുത്ത് നടത്തുകയും ചെയ്തിരുന്നു. മാത്രവുമല്ല റെയില്‍വെ സ്റ്റേഷനിലെത്തുന്ന മുരളീധരനെ സ്വീകരിച്ചാനയിക്കാന്‍ യു.ഡി.എഫ് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതുമാണ്. കോട്ടപ്പറമ്പില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മുരളീധരന് തൃശൂര്‍ നല്‍കുകയും ഷാഫി പറമ്പലിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും.
1971 ലാണ് ആദ്യമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാറിയത്. കോണ്‍ഗ്രസ് നേതാവ് ലീലാദാമോദര മേനോനെയാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇതിന്റെ വെളിച്ചത്തില്‍ പ്രചാരണം സജീവമായി ആരംഭിക്കുകയും വ്യാപകമായി ചുമരെഴുത്ത് നടത്തുകയും ചെയ്തിരുന്നു. പെട്ടെന്നാണ് ദല്‍ഹിയില്‍ ചരട് വലി നടന്നതും എ.ഐ.സി.സി കെ.പി ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതും.