ന്യൂഡല്‍ഹി- തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡാറ്റ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹര്‍ജി സുപ്രിം കോടതി പട്ടികപ്പെടുത്തി. മാര്‍ച്ച് 11ന് വാദം കേള്‍ക്കും. അഞ്ചംഗ ബെഞ്ചാണ് എസ് ബി ഐയുടെ ഇലക്ടറല്‍ അപേക്ഷ പരിഗണിക്കുക. എസ് ബി ഐക്കെതിരെ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും 11ന് പരിഗണിക്കും.
പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ് ബി ഐ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ജൂണ്‍ 30 വരെയാണ് സാവകാശം തേടിയത്. സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കയാണ് എസ് ബി ഐ സുപ്രിം കോടതിയില്‍ അപേക്ഷയുമായി എത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ടറല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് എസ് ബി ഐയ്ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നത്.
ഇടക്കാല ഉത്തരവിന്റെ തിയ്യതിയായ 2019 ഏപ്രില്‍ 12 മുതല്‍ വിധി പ്രസ്താവിക്കുന്ന തിയ്യതി 2024 ഫെബ്രുവരി 15 വരെ ദാതാക്കളുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എസ് ബി ഐ ഹരജിയില്‍ പറഞ്ഞു. അക്കാലത്ത് 22,217 ഇലക്ടറല്‍ ബോണ്ടുകളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.
മൊത്തം 44,434 വിവര സെറ്റുകള്‍ ഡീകോഡ് ചെയ്യുകയും സമാഹരിക്കുകയും താരതമ്യം ചെയ്യുകയും വേണം. കോടതി നിശ്ചയിച്ചിട്ടുള്ള മൂന്നാഴ്ചത്തെ സമയപരിധി മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ പര്യാപ്തമല്ലെന്നും ഈ വിധി പാലിക്കാന്‍ എസ് ബി ഐയെ പ്രാപ്തമാക്കുന്നതിന് കാലാവധി നീട്ടി നല്‍കണമെന്നും എസ് ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഭരണഘടന പ്രകാരമുള്ള വിവരാവകാശം, സംസാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രിം കോടതി റദ്ദാക്കിയത്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചിരുന്നു.
വാങ്ങിയ എല്ലാ ഇലക്ടറല്‍ ബോണ്ടുകളുടെയും ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കിടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കൂടാതെ ബോണ്ട് വാങ്ങിയ തിയ്യതി, ബോണ്ട് വാങ്ങുന്ന വ്യക്തിയുടെ പേര്, അതിന്റെ മൂല്യം, ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ആ ബോണ്ട് എന്‍ക്യാഷ് ചെയ്തത്, ഈ ഡാറ്റാ ബാങ്കുകളെല്ലാം 2019 ഏപ്രില്‍ 12 മുതല്‍ വാങ്ങിയ എല്ലാ ബോണ്ടുകളുടെയും വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കിടേണ്ടതുണ്ട്.