തൃശൂര്‍- ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി. ജെ. പിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് ടി. എന്‍. പ്രതാപന് എം. പി.
പാര്‍ട്ടിയെ നിര്‍ണ്ണായക ഘട്ടത്തില്‍ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. ബി. ജെ. പിക്കും ആര്. എസ്. എസിനുമെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കൊപ്പം നില്ക്കും. കോണ്‍ഗ്രസില്‍ നിന്ന് ഒരാളും ബി. ജെ. പിയിലേക്ക് പോവില്ല. കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബി. ജെ. പിയാണെന്നും പ്രതാപന് വ്യക്തമാക്കി.
പത്മജയുടെ ബി. ജെ. പി പ്രവേശനത്തില്‍ പരലോകത്തിരുന്ന് അച്ഛനായ ലീഡര്‍ കരുണാകരന് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് പത്മജയെടുത്തത്. ലീഡറുടെ സ്മൃതികുടീരത്തിലേക്ക് ഏതെങ്കിലും സംഘികള്‍ വന്നാല്‍ ലീഡര്‍ പൊറുക്കില്ല. പത്മജ അച്ഛനോടും അമ്മയോടും ആ ക്രൂരത ചെയ്യരുത്. സംഘികള്‍ പുഷ്പാര്‍ച്ചനയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ നില്‍ക്കില്ലെന്നും പ്രതാപന് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വിവരമറിഞ്ഞത് മുതല്‍ വലിയ വാശിയിലാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനെ പ്രവര്‍ത്തകര്‍ പ്രതികാരം ചെയ്യും. ഈ ചതിക്കും ക്രൂരതയ്ക്കും മാപ്പില്ല എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നതെന്നും പത്മജ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.