തൃശൂര്‍ - ആശയ പ്രചാരണങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ച് വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെയും പ്രധാനികളെയും സ്വാധീനിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പക്ഷത്ത് ചേര്‍ക്കുന്ന ഇന്നത്തെ പ്രവണത തികച്ചും ധാര്മികമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് മുന്‍ നിയമസഭ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് പറഞ്ഞു.
ഡി.സി.സിയില്‍ ചേര്‍ന്ന തൃശൂര്‍ പാര്ലിമെന്റ്തല നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തേറമ്പില്‍.
ജനാധിപത്യത്തിന്റെ അന്തസ്സത്തയെ തന്നെ പരസ്യമായി അപഹസിക്കുന്ന നടപടികളാണ് കേന്ദ്ര ഭരണാധികാരികള്‍ കൈ കൊണ്ടുവരുന്നത്. സംസ്ഥാന ഗവണ്മെന്റ് ആകട്ടെ കേന്ദ്രവുമായി സന്ധി ചെയ്ത് തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടിയുള്ള കരുക്കള്‍ നീക്കികൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയായിരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ വെല്ലുവിളികളെയും അഗ്നിപരീക്ഷണങ്ങളെയും അതിജീവിച്ച കോണ്‍ഗ്രസ്; ഈ സാഹചര്യത്തെയും മറികടക്കുമെന്നും തേറമ്പില്‍ വ്യക്തമാക്കി. പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് അടിയന്തരമായി യോഗം വിളിച്ചത്
ഡി. സി. സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.എന്‍. പ്രതാപന് എം.പി, വി.ടി.ബല്‍റാം, എം പി വിന്‍സെന്റ്, പി.എ. മാധവന്,ടി.വി. ചന്ദ്രമോഹന്, ഒ അബ്ദുറഹ്മാന് കുട്ടി, അനില്‍ അക്കര, സുനില്‍ അന്തിക്കാട്, സി.സി. ശ്രീകുമാര്‍, ജോണ്‍ ഡാനിയേല്‍, എന്‍.കെ സുധീര്‍,സി.ഒ. ജേക്കബ്, ഐ.പി.പോള്‍, ജോസഫ്ടാജറ്റ്, നിജി ജസ്റ്റിന്, കെ.വി. ദാസന്, കെ.എഫ്. ഡൊമ്നിക്, കെ. ഗോപാലകൃഷ്ണന്, ടി.എം. രാജീവ് കെ.എച്ച് ഉസ്മാന് ഖാന് എന്നിവര്‍ സംസാരിച്ചു.