Sorry, you need to enable JavaScript to visit this website.

സർക്കാർ ബാങ്കുകളിൽ കാർഷിക വായ്പാ തട്ടിപ്പ്; 615 അക്കൗണ്ടുകളിൽനിന്ന് മാത്രം 58,561 കോടിയുടെ വായ്പ

റിലയൻസ് ഫ്രഷ് അടക്കം തട്ടിപ്പ് നടത്തി

ന്യൂദൽഹി- സർക്കാർ നിയന്ത്രണ ബാങ്കുകളിൽ നിന്ന് വെറും 615 അക്കൗണ്ടുകളിലേക്കായി 58,561 കോടി രൂപയുടെ കാർഷിക വായ്പ 2016ൽ മാത്രം നൽകിയതായി വിവരാവകാശ രേഖ. വിലയിടിവും പ്രകൃതിക്ഷോഭവും മൂലം കടുത്ത പ്രതിസന്ധിയിലായ സാധാരണ കർഷകർക്ക് ദുരിതം തുടരുമ്പോഴാണ് നാലു ശതമാനം മാത്രം പലിശയുള്ള കാർഷിക വായ്പകളും വൻകിടക്കാർ തട്ടിയെടുക്കുന്നത്.
റിലയൻസ് ഫ്രഷ് അടക്കമുള്ള വൻകിടക്കാരാണ് വായ്പാ തട്ടിപ്പ് നടത്തിയിക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ കർഷകർക്ക് ആശ്വാസമേകാൻ കുറഞ്ഞ പലിശക്കു നൽകുന്ന കാർഷിക വായ്പകളാണ് കോർപറേറ്റ് കമ്പനികളും കോടീശ്വരന്മാരും ചേർന്നു തട്ടിയെടുത്തിരിക്കുന്നതെന്ന് ദ വയർ റിപ്പോർട്ടു ചെയ്തു. 
സാധാരണ കർഷകർക്കു നൽകേണ്ട വായ്പയുടെ വലിയ പങ്ക് കാർഷിക മേഖലയിലെ വ്യവസായങ്ങൾക്കും കാർഷിക ബിസിനസ് സംരഭങ്ങൾക്കുമാണ് സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകൾ നൽകിയത്. ഒരു അക്കൗണ്ടിൽ ശരാശരി 95 കോടി രൂപയാണ് കാർഷിക വായ്പയായി 2016ൽ മാത്രം നൽകിയത്. 2016ൽ നൽകിയ കാർഷിക വായ്പകളേക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണു തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. 
2015ൽ 604 അക്കൗണ്ടുകളിലേക്ക് 52,143 കോടിയും 2014ൽ 669 അക്കൗണ്ടുകളിലേക്ക് 60,156 കോടി രൂപയുമാണ് പൊതുമേഖലാ ബാങ്കുകൾ കാർഷിക വായ്പ നൽകിയത്. രഹസ്യമാക്കി വച്ചിരിക്കുന്ന ഈ അക്കൗണ്ടുകൾ ആരുടേതാണെന്ന് ബാങ്കുകളും സർക്കാരും വെളിപ്പെടുത്തണമെന്നു കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം കർഷകർക്ക് ലഭിക്കേണ്ടിയിരുന്ന കാർഷിക വായ്പകളാണ് വൻകിടക്കാർ തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയത്. ഞെട്ടിപ്പിക്കുന്ന വൻ തുകകളാണ് കുറഞ്ഞ പലിശയ്ക്ക് ഇത്തരത്തിൽ വ്യവസായികളും മറ്റും നേടിയത്. എൻഡിഎ സർക്കാരിനു മുമ്പും ഏകദേശം ഇതേ രീതിയിലാണ് സാധാരണ കർഷകനുള്ള വായ്പകൾ ഏതാനും ചില കമ്പനികൾക്കായി വീതിച്ചു നൽകിയിരുന്നതെന്നും കണ്ടെത്തി. 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ മേഖലയിൽ മാത്രം മൂന്നു അക്കൗണ്ടിലേക്കായി നൽകിയ കാർഷിക വായ്പ 29.95 കോടി രൂപയാണ്. ഇതേ ബ്രാഞ്ചിൽ നിന്ന് മറ്റ് ഒൻപത് അക്കൗണ്ടുകൾക്ക് 27 കോടി രൂപയുടെ കാർഷിക വായ്പകളും നൽകിയിട്ടുണ്ട്. എന്നാൽ, വായ്പ നൽകിയത് ആർക്കാണെന്ന് ബാങ്ക് മറച്ചുവച്ചതിനാൽ തട്ടിപ്പിന്റെ ഗുണഫോക്താക്കളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായില്ല. രാജ്യത്തെ മറ്റെല്ലാ എസ്ബിഐ മേഖലാ ബ്രാഞ്ചുകളിലും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ ബാങ്ക് നൽകിയില്ല. 
ബാങ്കുകളുടെ മൊത്തം വായ്പയുടെ 18 ശതമാനം കാർഷിക മേഖലയിൽ നൽകണമെന്ന റിസർവ് ബാങ്കിന്റെ മുൻഗണനാ വായ്പ നയത്തിന്റെ (പ്രയോറിറ്റി സെക്ടർ ലെൻഡിംഗ്്- പിഎസ്എൽ പോളിസി) മറവിലാണു വൻകിട കോർപറേറ്റുകൾ അടക്കമുള്ളവർക്ക് കോടികളുടെ വായ്പ നൽകുന്നത്. 
ചെറുകിട, ഇടത്തരം കർഷകരെ ലക്ഷ്യമാക്കിയുള്ള മുൻഗണനാ വായ്പ നയമാണ് ഇതിലൂടെ പതിവായി അട്ടിമറിക്കപ്പെടുന്നത്. സാധാരണ കർഷകർക്ക് ലഭിക്കുന്ന വായ്പകളുടെ നല്ല പങ്ക് ഇടനിലക്കാരായ ഏജന്റുമാരും ചില ബാങ്ക് ജീവനക്കാരും രാഷ്ട്രീയക്കാരും തട്ടിയെടുക്കുന്നതിനിടയിലാണ് വൻകിടക്കാരുടെ കൈയിട്ടുവാരൽ. 
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2014-15ൽ 8.5 ലക്ഷം കോടി രൂപയാണ് മൊത്തം കാർഷിക വായ്പ നൽകിയത്. ഓരോ വർഷവും ഇതു കൂട്ടി 2018-19ൽ മൊത്തം 11 ലക്ഷം കോടി രൂപ കാർഷിക വായ്പയ്ക്കായി കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. ഇതിൽ വലിയ പങ്ക് വായ്പാത്തുകയും വൻകിട കോർപറേറ്റ് കമ്പനികളും ബിസിനസ് ലോബിയുമാണു പലതരത്തിൽ അടിച്ചുമാറ്റിയത്. മറ്റു വാണിജ്യ ബാങ്കുകളുടെ കാർഷിക വായ്പകളുടെ സ്ഥിതിയും ഇതുപോലെയാണെന്നു കർഷകർ ചൂണ്ടിക്കാട്ടി.
 

Latest News