അഹമ്മദാബാദ്- ഇരുപത്തിരണ്ട് വർഷം പഴക്കമുള്ള കേസിൽ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിച്ചില്ല. അതേസമയം, സഞ്ജീവ് ഭട്ടിനെ രണ്ടാഴ്ച്ച കസ്റ്റഡിയിൽ വേണമെന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തി(സി.ഐ.ഡി) ആവശ്യം കോടതി അംഗീകരിച്ചില്ല. ഗുജറാത്തിലെ പലൻപൂർ അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.ആർ ചരണിന് മുന്നിലാണ് സഞ്ജീവ് ഭട്ടിനെ ഹാജരാക്കിയത്. ഇരുപത്തിരണ്ട് വർഷം പഴക്കമുള്ള ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അറസ്റ്റ് ചെയ്യാൻ പോലീസിന് ഒരവകാശവുമില്ലെന്നും ഭട്ടിന്റെ അഭിഭാഷകൻ വാദിച്ചു. വാദം കേട്ട ശേഷമാണ് സി.ഐ.ഡി കസ്റ്റഡിയിൽ ഭട്ടിനെ വിടേണ്ടതില്ലെന്ന് കോടതി വിധി പറഞ്ഞത്. ഭട്ടിനൊപ്പം അറസ്റ്റ് ചെയ്ത ഒരാളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് സൂക്ഷിച്ചുവെന്ന് കള്ളക്കേസുണ്ടാക്കി സുമേർ സിംഗ് രാജ്പുരോഹിത് എന്നയാളെ അറസ്റ്റ് ചെയ്തുവെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ കേസ്. ഈ കേസിൽ മൂന്നു മാസത്തിനികം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഇക്കഴിഞ്ഞ ജൂണിലാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. തർക്കത്തിലുള്ള ഒരു ഭൂമിക്ക് മേലുള്ള അവകാശവാദത്തിൽനിന്ന് പിൻവാങ്ങാൻ വേണ്ടി പുരോഹിതിനെ കള്ളക്കേസിൽ കുടുക്കുകായിരുന്നുവെന്നാണ് സി.ഐ.ഡിയുടെ അവകാശവാദം. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ പ്രധാനമന്ത്രി മോഡിയുടെ കടുത്ത വിമർശകനാണ് സഞ്ജീവ് ഭട്ട്. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അദ്ദേഹം രൂക്ഷമായാണ് വിമർശിച്ചുവരുന്നത്. ഇതിനിടെയാണ് 22 വർഷം പഴക്കമുള്ള കേസിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.