ന്യൂഡൽഹി - മുതിർന്ന മുൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ യശ്ശശരീരനായ കെ കരുണാകരന്റെ മകളും കെ.പി.സി.സി ജനറൽസെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഫേസ് ബുക്ക് ബയോയും മാറ്റി. 'ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള' എന്നാണ് പത്മജ വേണുഗോപാൽ ഫേസ്ബുക്ക് ബയോയിൽ വരുത്തിയ പുതിയ മാറ്റം. ഒപ്പം പ്രൊഫൈൽ പിക്ച്ചറിന്റെ ടൈറ്റിൽ ബാനറിൽ 'കൂടെയുണ്ട്' എന്നും എഴുതിയിട്ടുണ്ട്. ബി.ജെ.പിയുടെ കൂടെയുണ്ട് എന്നാണ് ഇതിന്റെ അർത്ഥമെന്ന് സമൂഹമാധ്യമങ്ങളിൽ പലരും പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നതോടെ, സമൂഹമാധ്യമത്തിലൂടെ പത്മജ ഇക്കാര്യം നിഷേധിച്ചെങ്കിലും, പിന്നാലെ പ്രസ്തുത നിഷേധക്കുറിപ്പും അവരുടെ എഫ്.ബിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
പത്മജ വ്യാഴാഴ്ച ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് റിപോർട്ട്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കു പിന്നാലെ കരുണാകരന്റെ മകളെക്കൂടി ബി.ജെ.പി പാളയത്തിലെത്തിച്ചത് കോൺഗ്രസ് നേതൃത്വത്തെയും മതനിരേപക്ഷ പാർട്ടികളെയും ഞെട്ടിച്ചുവെങ്കിലും ഇതുകൊണ്ടൊന്നും കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്കാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, കോൺഗ്രസ് ക്യാമ്പിനെ ഒന്നാകെ അമ്പരപ്പിലാക്കാൻ ബി.ജെ.പി നീക്കങ്ങൾക്കായിട്ടുണ്ടെന്നാണ് സത്യം. കുറച്ച് നാളായി കോൺഗ്രസ് നേതൃത്വത്തിൽനിന്ന് കടുത്ത അവഗണയാണുണ്ടാകുന്നതെന്ന് പത്മജ വളരെ അടുത്ത ആളുകളോട് പറഞ്ഞുവെങ്കിലും കോൺഗ്രസ് വിട്ടുള്ള ഇത്തരമൊരു കടുത്ത നീക്കത്തിൽ കലാശിക്കുമെന്ന് ആരും കണക്കുകൂട്ടിയിരുന്നില്ല.
2004-ൽ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂരിൽ നിന്ന് രണ്ടുതവണ നിയമസഭയിലേക്കും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പത്മജയ്ക്കു വിജയിക്കാനായിരുന്നില്ല. ബി.ജെ.പിയിൽനിന്ന് രാജ്യസഭാംഗത്വവും പാർട്ടിയിൽ പ്രധാന പദവിയും നൽകാമെന്നാണ് പത്മജയ്ക്ക് ലഭിച്ച ഓഫറെന്നാണ് പറയുന്നത്. സംഭവം അറിഞ്ഞ നിമിഷംതന്നെ സഹോദരൻ കൂടിയായ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പി, പത്മജയുടെ ഭർത്താവ് വേണുഗോപാൽ, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എം.പി തുടങ്ങിയവർ പത്മജയെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. ഡൽഹിയിലുണ്ടായിട്ടും പത്മജ എ.ഐ.സി.സി ഓഫീസിൽ പോകാൻ തയ്യാറായില്ലെന്നും പറയുന്നു.
'ഈരാറ്റുപേട്ടയിലേത് തെമ്മാടിത്തം'; കെ.എൻ.എം നേതാവ് ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി