തിരുവനന്തപുരം - കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ നേതാക്കളുമായുള്ള മുഖാമുഖത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശം. ഈരാറ്റുപേട്ടയിൽ മുസ്ലിം വിഭാഗത്തെ മാത്രം പോലീസ് അറസ്റ്റ് ചെയ്തെന്ന് ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിമർശം. ഹുസൈൻ മടവൂരിനെ പോലുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തുകയാണ്. പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ട് എന്ത് തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
'ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം ഭാഗ്യത്തിന് രക്ഷപ്പെട്ടു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുക. പക്ഷേ, അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടി എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഈരാറ്റുപേട്ടക്കടുത്ത പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിമുറ്റത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പള്ളിമുറ്റത്ത് ബൈക്ക് റേസിങ് നടത്തിയപ്പോൾ ശബ്ദംമൂലം ആരാധന തടസപ്പെട്ടിരുന്നു. തുടർന്ന് ഇത് ചോദിക്കാൻ പുറത്തിറങ്ങിയ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് ഒരുകൂട്ടം യുവാക്കൾ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. അറസ്റ്റിലായവർ എല്ലാം ഒരു മതത്തിൽ പെട്ടവരായതോടെയാണ് വിവാദങ്ങളുണ്ടായതെന്ന് പോലീസ് പറഞ്ഞു. പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസിൽ 27 വിദ്യാർത്ഥികളെയാണ് പ്രതി ചേർത്തത്. ഇവരിൽ പത്തുപേർ പ്രായപൂർത്തിയാകാത്തവരാണ്. കേസിൽ എല്ലാവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
മുമ്പ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ വിമർശിച്ച ശേഷം ഇതാദ്യമാണ് മറ്റൊരു മുസ്ലിം പണ്ഡിതനു നേരെ പിണറായി വിജയൻ വിമർശമുന്നയിക്കുന്നത്. പ്രവാചകന്റെ പേരിലുള്ള(തിരുകേശം) വ്യാജ മുടി വിവാദത്തിനിടെയായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ പിണറായി വിജയൻ വിമർശിച്ചിരുന്നത്.
തിരുകേശം വ്യാജമാണെന്നും ഒർജിനലാണെന്നും പറഞ്ഞ് ഇരുവിഭാഗം സമസ്തയും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. അതിനിടെ, പ്രവാചകന്റെ പേരിലുള്ള വ്യാജ മുടിക്ക് യാതൊരു പവിത്രതയുമില്ലെന്നും മുടിയിട്ട വെള്ളം കുടിപ്പിച്ച് പുണ്യം നേടാമെന്നു പറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും മുജാഹിദ് വിഭാഗങ്ങളും ആവശ്യപ്പെടുകയുണ്ടായി. ഇതിനിടെയാണ്, മുടിയായാലും നഖമായാലും മറ്റെന്തായാലും ശരി, ബോഡി വേസ്റ്റ് ആരുടേതായാലും അത് എന്നും ബോഡി വേസ്റ്റ് തന്നെയാണെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇത് സി.പി.എമ്മിന്റെ വോട്ടുബാങ്ക് കൂടിയായ കാന്തപുരം വിഭാഗത്തെ ഏറെ ചൊടിപ്പിച്ചെങ്കിലും ആ തുറന്നു പറച്ചിലിന് മത-ജാതി ചിന്തകൾക്കപ്പുറം, പൊതുവെ വൻ കൈയടിയാണ് ലഭിച്ചിരുന്നത്.