Sorry, you need to enable JavaScript to visit this website.

കക്കയത്ത് കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്

കോഴിക്കോട് - കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ നടപടികളുമായി അധികൃതര്‍. കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, 50ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതില്‍ പ്രധാന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.

കൃഷിയിടത്തില്‍നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഇദ്ദേഹം. പറമ്പില്‍നിന്നുലഭിച്ച കാര്‍ഷിക വിളകളെല്ലാം ചാക്കിലാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കക്കയം പഞ്ചവടിക്ക് സമീപം ഓടിട്ട പഴയവീട്ടിലാണ് അബ്രഹാമിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. മകന്‍ ജോബിഷിന് കൂലിപ്പണിയാണ്. ജോബിഷിന് ലൈഫ് പദ്ധിതിയില്‍ ലഭിച്ച വീട് പൂര്‍ത്തിയായിട്ടില്ല. പണിതീരാത്ത വീട്ടിലാണ് താമസം. മറ്റൊരുമകന്‍ ജോമോനും കൂലിപ്പണിയാണ്.

 

Latest News