കൊല്‍ക്കത്ത- ബംഗാളി സിനിമ, സീരിയല്‍ നടി പായല്‍ ചക്രബര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിലിഗുരിയിലെ ഒരു ഹോട്ടലില്‍ ഒരു ദിവസം മുമ്പ് ഒറ്റയ്ക്ക് മുറിയെടുത്ത 35കാരിയായ നടിയെ ബുധനാഴ്ച വൈകുന്നേരമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ഏറെ നേരം ഒരു പ്രതികരണവും ഇല്ലാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ പൊളിച്ച് അകത്ത് പരിശോധിച്ചപ്പോഴാണ് നടിയെ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സാഹചര്യ തെളിവുകള്‍ സൂചന നല്‍ുകന്നുണ്ടെങ്കിലും വിശദമായി അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഭര്‍ത്താവില്‍ നിന്ന് ഈയിടെ വിവാഹ മോചനം നേടിയ പായല്‍ മകനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. റാഞ്ചിയിലേക്കു പോകുകയാണെന്ന അറിയിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ സിലിഗുരിയില്‍ എങ്ങനെ എത്തിയെന്ന് വ്യക്തമായിട്ടില്ല. നിരവധി സീരിയലുകളില്‍ അഭിനയിച്ച പായല്‍ ഏതാനും സിനിമകളിലും വെബ്‌സീരിസിലും അഭിനിയിച്ചിട്ടുണ്ട്.