Sorry, you need to enable JavaScript to visit this website.

കൂട്ടുകാരുണ്ടല്ലോ, പിന്നെന്താ.... നിതിന്‍ പരീക്ഷയെഴുതിയത് ഈ കരുതലിന്റെ കരുത്തില്‍

തിരുവനന്തപുരം- എണീറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത സഹപാഠിയെ കൂട്ടുകാര്‍ കൈയിലെടുത്ത് ക്ലാസ്സ് മുറിയിലെത്തിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിച്ചു. സഹപാഠികളുടെയും അധ്യാപകരുടെയും കരുതല്‍ നല്‍കിയ കരുത്തില്‍ നിതിന്‍ പാപ്പനംകോട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി.

എല്ലാ ദിവസവും അച്ഛന്‍ ശ്രീകുമാര്‍ ബൈക്കിലിരുത്തി നിതിനെ സ്‌കൂളിലെത്തിക്കും പിന്നെ കൂട്ടുകാര്‍ കൈയിലെടുത്ത് ക്ലാസ് മുറിയിലെത്തിക്കും. വൈകിട്ട് അച്ഛന്‍ വന്ന് കൂട്ടികൊണ്ടുപോകും. എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങിയ തിങ്കളാഴ്ചയും പതിവ് പോലെ അച്ഛന്‍ രാവിലെ ഒന്‍പത് മണിക്ക് നിതിനെ ബൈക്കിന് പിന്നിലിരുത്തി സ്‌കൂള്‍ വളപ്പിലെത്തിച്ചു. കൂട്ടുകാര്‍ കൈകളില്‍ താങ്ങിയെടുത്ത് നിതിനെ പരീക്ഷ എഴുതുന്ന മുറിയിലിരുത്തി. ഏഴാം ക്ലാസ് മുതലാണ് നിതിന്‍ പാപ്പനംകോട് സ്‌കൂളിലെത്തുന്നത്.

പാപ്പനംകോട് സത്യന്‍നഗര്‍ നന്ദനം വീട്ടില്‍ ശ്രീകുമാറിന്റെയും സുനിതയുടെയും മകനാണ് നിതിന്‍. ആറാം ക്ലാസ് വരെ ഓടി ചാടി നടന്നിരുന്ന നിതിന് ക്രമേണ കാലുകള്‍ക്ക് തളര്‍ച്ചയുണ്ടാവുകയും സ്വാധീനക്കുറവ് സംഭവിക്കുകയും ചെയ്തു. മസിലുകള്‍ക്ക് ബലകുറവ് സംഭവിക്കുന്ന രോഗം. ഇതിന് കാര്യമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്‍ ശ്രീകുമാര്‍ പറഞ്ഞു. ആദ്യം ബാംഗ്ലൂരില്‍ കൊണ്ടുപോയാണ് ചികിത്സ നടത്തിയത്. ഓരോ വര്‍ഷം കഴിയുംതോറും കാലുകളുടെ ശക്തി കുറഞ്ഞുതുടങ്ങി.

സ്‌കൂളിലെത്തുമ്പോള്‍ മറ്റ് കുട്ടികളെ പോലെ നടക്കാനോ കളിക്കാനോ കഴിയാത്ത അവസ്ഥയെങ്കിലും നിതിനെ നിരാശനാക്കാതെ കൂട്ടുകാര്‍ കൂടെ തന്നെയുണ്ടാകും. ഒഴിവു ദിവസങ്ങളില്‍ കൂട്ടുകാര്‍ നിതിന്റെ വീട്ടിലെത്തി അവനോടൊപ്പം സമയം ചെലവിടും.

 

Latest News