കല്പറ്റ- പുക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിക്കുന്നതിനും പരസ്യവിചാരണ നടത്തി അപമാനിക്കുന്നതിനും നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മരണത്തിനു ഉത്തരവാദികളായ മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ആസ്ഥാനത്തേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും എം.എസ്എഫ് ജില്ലാ കമ്മിറ്റിയും വേവ്വേറെ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.
എം.എസ്.എഫ് മാർച്ചിനു പിന്നാലെ ഫ്രറ്റേണിറ്റി പ്രവർത്തകരും സർവകലാശാലയിലേക്ക് മാർച്ചുമായെത്തി.
എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. കെ.എസ്.യു മാര്‍ച്ചിനിടെ പോലീസിനു നേരേ കല്ലേറ് നടന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതക പ്രയോഗവും ലാത്തിച്ചാര്ച്ചും നടത്തി. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ സര്‍വകലാശാലാ ആസ്ഥാന കവാട പരിസരം സംഘര്‍ഷ ഭരിതമായി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്കുണ്ട്. ഇതില്‍ വലതു കൈയ്ക്ക് ഗുരുതര പരിക്കേറ്റ് ഷാജി കുന്നത്തിനെ മേപ്പാടി നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ, കെ.പി.സി.സി മെംബര്‍ പി.പി.ആലി തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് വിദ്യാര്‍ഥികളെ ശാന്തരാക്കിയത്. കണ്ണീര് വാതകം പ്രയോഗിച്ചിട്ടും ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. എം.എസ്.എഫ് മാര്‍ച്ചില്‍ പങ്കെടുത്തവരും കെ.എസ്.യു പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.
വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത 766നോടു ചേര്‍ന്നുള്ള സര്‍വകലാശാല ആസ്ഥാന കവാടത്തിനു സമീപം പോലീസ് ബാരിക്കേഡ് തീര്‍ത്തിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ആദ്യമെത്തിയ എം.എസ്.എഫ് മാര്‍ച്ചിലും പിന്നാലെ വന്ന കെ.എസ്.യു മാര്‍ച്ചിലും പങ്കെടുത്തവര്‍ ശ്രമിച്ചു. സേംഘങ്ങളായി തിരിഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ പലവട്ടം പോലീസിനു നേരെ പോര്‍വിളി മുഴക്കി.