നാദാപുരം - നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 54 കാരന് 62 വർഷം കഠിന തടവും, 85,000 രൂപ പിഴയടക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് (പോക്സോ )ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചു. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെയാണ് ശിക്ഷിച്ചത്. 2018ൽ അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയുടെ വീട്ടിലെ വിറക് പുരയിൽ വെച്ചും അയൽവാസിയുടെ പണി തീരാത്ത വീട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് കേസ്. കുട്ടി ബന്ധു വീട്ടിൽ പോയപ്പോൾ അവിടെ വെച്ചാണ് ആ വീട്ടുകാർ പീഡന വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ ബാലുശേരി പോലീസിൽ അറിയിക്കുകയും സി.ഐ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി