ന്യൂദല്‍ഹി- ദല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ കര്‍ഷകര്‍ രാജ്യത്തുടനീളം റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.ചണ്ഡീഗഢില്‍ ഒരാഴ്ച മുമ്പ് നടന്ന നാലാം വട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്നാണ് കര്‍ഷകരെ 'ഡല്‍ഹി ചലോ' പ്രതിഷേധം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നൊഴികെയുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ശംഭു, ഖനൗരി, ദബ്വാലി എന്നീ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കും. ഫെബ്രുവരി 29 വരെ കര്‍ഷകര്‍ തങ്ങളുടെ 'ഡല്‍ഹി ചലോ' മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തങ്ങിയിരുന്നു.ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി അടച്ച സിംഗു, ടിക്രി അതിര്‍ത്തികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നു. ഫെബ്രുവരി 13നായിരുന്നു ഈ അതിര്‍ത്തികള്‍ അടച്ചിരുന്നത്. കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ സര്‍ക്കാരിന് ഉടന്‍ പദ്ധതിയില്ലെന്നും എന്നാല്‍ കര്‍ഷകരുടെ ആശങ്കള്‍ ഉടന്‍ പരിഹാരം കാണുമെന്നും കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട ബുധനാഴ്ച പറഞ്ഞിരുന്നു.