ഹൈദരാബാദ്- കാലാവധി പൂർത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി തെലങ്കാന നിയമസഭ പിരിച്ചുവിടാൻ തീരുമാനം. ഇക്കാര്യം അറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഗവർണറെ കണ്ടു. അടുത്ത വർഷം മെയ് വരെ സംസ്ഥാന സർക്കാറിന് കാലാവധിയുണ്ട്. എന്നാൽ അതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് ചന്ദ്രശേഖർ റാവുവിന്റെ പദ്ധതി. കഴിഞ്ഞയാഴ്ച്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ ചന്ദ്രശേഖർ റാവുവിന് പൂർണ അധികാരം നൽകിയിരുന്നു. ഇക്കഴിഞ്ഞ രണ്ടിന് ചേർന്ന പൊതുസമ്മേളനത്തിൽ സർക്കാറിന്റെ നാലുവർഷത്തെ നേട്ടങ്ങൾ ചന്ദ്രശേഖർ റാവു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ദൽഹി പാർട്ടികളുടെ ഇംഗിതത്തിനനുസരിച്ച് സംസ്ഥാനം മുന്നോട്ടുപോകില്ലെന്നായിരുന്നു ഈ സമ്മേളനത്തിൽ റാവു പ്രഖ്യാപിച്ചിരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധം പുലർത്തുകയും ഇവരുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ബി.ജെ.പിയുടെ കൂടി താൽപര്യപ്രകാരമാണ് സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടുന്നതെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം പിന്നീട് ലോക്‌സഭയിൽ ബി.ജെ.പിയുമായി സഖ്യത്തിലാകാമെന്നാണ് ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസ് ലക്ഷ്യമിടുന്നത്.