Sorry, you need to enable JavaScript to visit this website.

ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യം- ആനിരാജ

നിലമ്പൂര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യമെന്ന് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനിരാജ. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ വരുംതലമുറയിലെ മുഴുവന്‍ പേര്‍ക്കും പൗരത്വം  നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നടത്തുന്നത്. ഈ സാഹചര്യം ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ പ്രാതിനിധ്യം കൂടുതലായി ഉറപ്പിക്കേണ്ടതുണ്ട്.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. വയനാട്ടിലെ ജനങ്ങളില്‍ നിന്നു വലിയ സ്വീകാര്യതയാണ് തനിക്കു ലഭിക്കുന്നത്. ഇതേറെ പ്രതീക്ഷ നല്‍കുന്നതാണ്. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍ഗണന നല്‍കുക. കഴിഞ്ഞ 45 വര്‍ഷമായി ജനകീയ വിഷയങ്ങളില്‍ പരിഹാരം തേടിയും വര്‍ഗീയതക്കെതിരെ കടുത്ത പോരാട്ടം നടത്തിയുമാണ് മുന്നോട്ടു പോകുന്നത്.  രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും നിലനിര്‍ത്തുന്നതിനുള്ള പോരാട്ടമാണ് നടക്കുന്നത്. അതിനാല്‍  ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിന് അതീവ പ്രധാന്യത്തോടെയാണ് കാണുന്നത്. ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.ഐ ഉള്‍പ്പെടെ കരുത്തരെയാണല്ലോ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നതെന്ന ചോദ്യത്തിന് എന്നും ഇടതുപക്ഷം ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
മണിപ്പുരില്‍ നടന്ന നരഹത്യക്കെതിരെ ശക്തമായി പ്രതികരിച്ചു അവിടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ തനിക്ക് എതിരെ രാജദ്രോഹകുറ്റത്തിന് കേസെടുത്തവരാണ് ബി.ജെ.പി സര്‍ക്കാരെന്നും ആനിരാജ പറഞ്ഞു. വയനാട്ടില്‍ ഇക്കുറി ഇടതുപക്ഷത്തിനു അനുകൂല സാഹചര്യമാണെന്നും വിജയം ഉറപ്പാണെന്നും അവര്‍ പറഞ്ഞു. നിലമ്പൂരിലെ വെളിയംതോട് എസ്‌സി കോളനിയിലാണ് ആനിരാജ പ്രഭാതഭക്ഷണം കഴിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ സന്ദര്‍ശനവും നടത്തി.
പി.വി. അന്‍വര്‍ എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ ഇ. പദ്മാക്ഷന്‍, ജോര്‍ജ് കെ. ആന്റണി, പി.എം. ബഷീര്‍, പരുന്തന്‍ നൗഷാദ്, മട്ടുമ്മല്‍ സലീം, എം. മുജീബ് റഹ്മാന്‍, ടി. ഹരിദാസന്‍, അബ്ദുള്‍ അസീസ് എന്നിവരുമുണ്ടായിരുന്നു.

 

Latest News