Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ 12 വരെ നീട്ടി

ന്യൂദൽഹി- പൂനെ പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെയും വീട്ടുതടങ്കൽ ഈ മാസം പന്ത്രണ്ടു വരെ നീട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര പോലീസ് പത്രസമ്മേളനം നടത്തി തെളിവുകൾ പുറത്തുവിട്ട നടപടിയെ സുപ്രീം കോടതിയും കടുത്ത ഭാഷയിൽ വിമർശിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടു.  കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുൺ ഫെരാരിയ, വെർണോൻ ഗോൺസാൽവസ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ ഇനിയും വീട്ടു തടങ്കലിൽ തുടരാൻ അനുവദിക്കുന്നത് ഇവർക്കെതിരായ തെളിവുകൾ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നും അറസ്റ്റിലായ അഞ്ചു പേരെയും കസ്റ്റഡി അന്വേഷണത്തിന് വിട്ടു നൽകണമെന്നുമായിരുന്നു മഹാരാഷ്ട്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. എ്ന്നാൽ ഇവരുടെ വീട്ടുതടങ്കൽ ഈ മാസം പന്ത്രണ്ടുവരെ നീട്ടി സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 
ഓഗസ്റ്റ് 28ന് നടന്ന അറസ്റ്റിനെ ചോദ്യം ചെയ്ത് റോമില ഥാപ്പർ, ദേവകി ജെയിൻ, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡേ, മായ ദാരുവാല എന്നിവർ സമർപ്പിച്ച ഹർജിയിലാണ് മഹാരാഷ്ട്ര സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 
ഇവർക്കെതിരായ കേസിന് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. വിയോജിപ്പുകളും അഭിപ്രായസ്വാതന്ത്ര്യവും സ്വാഗതം ചെയ്യുന്നു. സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിക്കുന്നവർ ആണെങ്കിൽ കൂടി പൗരന്റെ മൗലീക അവകാശം സംരക്ഷിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബന്ധരാണ്. അറസ്റ്റിലായവർ 2009ൽ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുമായി അടുത്ത ബന്ധം ഉള്ളവരാണ്. വലിയ അക്രമത്തിനും വിനാശത്തിനും സിപിഐ മാവോയിസ്റ്റ് നടത്തിയ ഗൂഡാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ പറയുന്നു. 
    ഡിസംബർ 31ന് നടന്ന എൽഗാർ പരിഷതിന്റെ പേരിൽ ഭീമ കോറേഗാവിൽ നടന്ന പൊതുയോഗം സംഘടിപ്പിച്ചത് കബീർ കാലാ മഞ്ച് എന്ന സംഘടനയാണ്. ഒരു പ്രത്യേക സമുദായത്തിന്റെ വൈകാരികത മുതലെടുത്ത് ആസൂത്രണം ചെയ്ത പരിപാടി ആയിരുന്നിത്. എൽഗാർ എന്നത് അക്രമം എന്നർഥമാക്കുന്ന യെൽഗാർ എന്നതിന്റെ മറ്റൊരു രൂപമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. 
    ഏപ്രിൽ മുതൽ നടത്തിയ റെയ്ഡുകളിലും ജൂണിൽ നടത്തിയ അറസ്റ്റുകളിലും പിടിച്ചെടുത്ത ലാപ്‌ടോപ്, പെൻഡ്രൈവ് തുടങ്ങിയവയിൽ നിന്നും ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ വാദം. എല്ലാ റെയ്ഡുകളുടെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് പോലീസ് പീഡനമായി ചിത്രീകരിക്കാതിരിക്കാൻ വേണ്ടിയാണ് വീഡിയോ എടുത്തത്. തെളിവുകളെല്ലാം തന്നെ ഫോറൻസിക് ലാബിന് കൈമാറിയിട്ടുമുണ്ട്. എല്ലാ തെളിവുകളും സുപ്രീംകോടതിക്കു മുന്നിൽ ഹാജരാക്കാൻ തയാറാണെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. 
    അറസ്റ്റിലായവർ പ്രവർത്തകരെ സംഘർഷ സ്ഥലത്തേക്ക് പോകാൻ ആഹ്വാനം ചെയ്തതിനും തെളിവുണ്ട്. ധനസമാഹരണത്തിനും വിതരണത്തിനും ആയുധങ്ങൾ വാങ്ങുന്നതിനും അവ ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള വഴികളെക്കുറിച്ചും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മരണക്കെണികളൊരുക്കുന്നതിനും മൈനുകൾ സ്ഥാപിക്കുന്നതിനും നിർദേശം നൽകിയതിനും തെളിവുണ്ട്. സായുധ സമരത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തതിന് എല്ലാ തെളിവുകളുമുണ്ടെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ അവകാശവാദം. 
    അറസ്റ്റിലായവരുടെ മോചനത്തിന് വേണ്ടി ഇതുമായി ബന്ധമില്ലാത്ത അടിസ്ഥാനപരമായി അപരിചിതരായവർ എങ്ങനെയാണ് സുപ്രീംകോടതിയെ സമീപിക്കാനാവുക എന്നും മഹാരാഷ്ട്ര സർക്കാർ ചോദ്യമുന്നയിക്കുന്നു. നടപടിക്രമങ്ങൾ പാലിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അറസ്റ്റിനെ ചോദ്യം ചെയ്യുന്നതിനെയും സംസ്ഥാന സർക്കാർ എതിർക്കുന്നു. അറസ്റ്റിലായവർ സമൂഹത്തിൽ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകർ ആണ് എന്നത് കൊണ്ടു മാത്രം വിട്ടയക്കണമെന്ന് ആവശ്യം ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മഹാരാഷ്ട്ര സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടുതടങ്കൽ ഈ മാസം പന്ത്രണ്ടുവരെ നീട്ടിയത്.
 

Latest News