രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി പിടിയിൽ; നിർണായക വെളിപ്പെടുത്തൽ വൈകീട്ട്

തിരുവനന്തപുരം - തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിലായതായി സൂചന. പ്രതിയെ കൊല്ലത്ത് നിന്ന് ഇന്ന് രാവിലെ പിടികൂടിയതായും കുറ്റം സമ്മതിച്ചതായുമാണ് വിവരം. 
 പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഇന്ന് വൈകുന്നേരം ആറിന് പോലീസ് കമ്മിഷണർ മാധ്യമങ്ങളെ കാണും. കുട്ടിയെ ഉപദ്രവിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചതായും റിപോർട്ടുണ്ടായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിച്ചപ്പോൾ അബോധാവസ്ഥയിലാവുകയും തുടർന്ന് ഉപേക്ഷിക്കുകയുമാണുണ്ടായത്. 
 രണ്ടാഴ്ച മുമ്പാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ശേഷം 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പോലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ഉപേക്ഷിച്ച്  പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം നിർണായക വെളിപ്പെടുത്തലിന് കാത്തുനിൽക്കുന്നത്.
 

Latest News