ന്യൂദല്‍ഹി-സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹര്‍ഷ് വര്‍ധന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഹര്‍ഷ് വര്‍ധന്റെ പേരില്ല. ദല്‍ഹിയിലെ ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന ഹര്‍ഷ് വര്‍ധന്റെ പോസ്റ്റ്.
കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ ഹര്‍ഷ് വര്‍ധനായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി. ചാന്ദ്‌നി ചൗക്ക് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ന്യൂദല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കും ഇക്കുറി സീറ്റില്ല. പകരം, സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് ഈ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും.
മുപ്പത് വര്‍ഷത്തിനിടെ, അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളിലും നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. എന്റെ വേരുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. 50 വര്‍ഷം മുന്‍പ് കാന്‍പൂരിലെ ജിഎസ്‌വിഎം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നപ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളെ സേവിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്നത്തെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്- ഹര്‍ഷ് വര്‍ധന്‍ കുറിച്ചു.
ദല്‍ഹി ആരോഗ്യമന്ത്രിയായും രണ്ടുതവണ കേന്ദ്ര ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോളിയോ വിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനായി ആദ്യം പ്രവര്‍ത്തിക്കാനും കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യം പരിപാലിക്കാനുമുള്ള അപൂര്‍വ അവസരം എനിക്ക് ലഭിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തില്‍, അതിഭീകരമായ അപകടത്തിന്റെ മണിക്കൂറുകളില്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള പദവി വളരെ കുറച്ചുപേര്‍ക്ക് മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ. ഞാന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഈ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹത്തായ പദവിയായി ഞാന്‍ കരുതുന്നു. പുകയില, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, എന്നവക്കെതിരായ പ്രവര്‍ത്തനം ഞാന്‍ തുടരും. കൃഷ്ണ നഗറിലെ എന്റെ ഇഎന്‍ടി ക്ലിനിക്കും എന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു-ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.