ചിക്കമംഗളൂരു-ബംഗളൂരുവിലെ സ്‌ഫോടനത്തെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ കൂടി പരാജയമല്ലേ ഇതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു.
ചിക്കമംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ഗൗരവമായി എടുത്ത സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സ്‌പെഷ്യല്‍ െ്രെകംബ്രാഞ്ചിന് (സിസിബി) കൈമാറി. സംഭവത്തില്‍ ആരും രാഷ്ട്രീയം കളിക്കരുത്. മംഗലാപുരത്ത് സ്‌ഫോടനം നടക്കുമ്പോള്‍ ആരാണ് അധികാരത്തിലുണ്ടായിരുന്നത്? മല്ലേശ്വരത്ത് ബി.ജെ.പി ഓഫീസിന് സമീപം സ്‌ഫോടനം നടക്കുമ്പോള്‍ ആരാണ് അധികാരത്തില്‍? ബി.ജെ.പി ഭരണകാലത്ത് നാല് സ്‌ഫോടനങ്ങളുണ്ടായി. ഇത് എന്‍.ഐ.എ, ഐ.ബി, റോ എന്നിവയുടെ പരാജയമല്ലേ?' ആരുടെ നിയന്ത്രണത്തിലാണ് ഈ ഏജന്‍സികളെന്ന് അദ്ദേഹം ചോദിച്ചു.
അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുമോയെന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ കേസ് സിസിബിക്ക് കൈമാറിയെന്നും അവര്‍ അന്വേഷണം തുടങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എന്‍ഐഎക്ക് കൈമാറുന്നത് ആവശ്യമാണെങ്കില്‍ അക്കാര്യം നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചിക്കമംഗളൂരുവില്‍ കെഎഫ്ഡി കേസുകള്‍ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായും വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിഷയം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനും എംഎല്‍സി എസ്.എല്‍ ഭോജഗൗഡയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമാണ് മുഖ്യമന്ത്രി ചിക്കമംഗളൂരുവിലെത്തിയത്.