Sorry, you need to enable JavaScript to visit this website.

കേരള ചരിത്രത്തില്‍ ആദ്യമായി  ഒന്നാം തീയതി ശമ്പളം മുടങ്ങി 

തിരുവനന്തപുരം- ചരിത്രത്തില്‍ ആദ്യമായി മാസത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും ശമ്പള വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പേരുദോഷം സര്‍ക്കാരിനെ വേട്ടയാടുകയാണ്.അടിയന്തരമായി 1800 കോടി രൂപ കണ്ടെത്തി ട്രഷറി ഫണ്ട് മാനേജ് ചെയ്താലേ ചീഫ് സെക്രട്ടറി മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍വരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയൂ. തിങ്കളാഴ്ചയോടെ അതു സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.സര്‍ക്കാരിന്റെ ദൈനംദിന ആവശ്യങ്ങളും വായ്പാതിരിച്ചടവും ശമ്പള വിതരണവുമടക്കം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഫണ്ട് മാനേജ്‌മെന്റ്. അതു ക്രമപ്പെടുത്തിയാല്‍ ശമ്പളം നല്‍കാം. കഴിഞ്ഞ ദിവസം കേരളത്തിനുള്ള വിഹിതമായി കേന്ദ്രത്തില്‍ നിന്നു കിട്ടിയ 4122 കോടിയും ഇത്തരത്തില്‍ വിനിയോഗിക്കുകയാണ്. പെന്‍ഷന്‍ വിതരണം പതിവുപോലെ നടക്കുന്നുണ്ട്. അതിലെ തുക ഏറിയപങ്കും പൂര്‍ണമായി പിന്‍വലിക്കാറില്ല. ഫലത്തില്‍ അത് സര്‍ക്കാരിന്റെ കൈവശംതന്നെ ഇരിക്കും.
രേഖകളിലെ കണക്കു പ്രകാരം ട്രഷറി അക്കൗണ്ടുകളിലേക്ക് ജീവനക്കാരുടെ ശമ്പളം വരവുവച്ചെങ്കിലും പണം അതിലേക്ക് മാറ്റിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് ശമ്പളം പിന്‍വലിക്കാന്‍ ആകാത്തതെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ പ്രതികരണം. ഈമാസം കിട്ടേണ്ട 13600കോടി കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. സര്‍ക്കാരിന്റെ കാര്യക്ഷമതകുറവാണിതിന് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News