കല്‍പറ്റ - പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിനു കാരണക്കാരായ മുഴുവന്‍ ആളുകളെയും കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ദേശീയപാതയില്‍നിന്നു പൂക്കോട് തടാകത്തിലേക്കുള്ള റോഡ് പരിസരത്ത് രാവിലെ 11ന് ആരംഭിച്ച മാര്‍ച്ച് സര്‍വകലാശാലാ കവാടത്തിന് സമീപം ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തള്ളിമാറ്റാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഇതിനിടെ സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനു കാരണമായി. ഇത് ഒരു മണിക്കൂറോളം തുടര്‍ന്നു.
സര്‍വകലാശാലാ കവാടത്തിനു സമീപം ചേര്‍ന്ന പ്രതിഷേധയോഗം കെ.പി.സി.സി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, നേതാക്കളായ എന്‍.സുബ്രഹ്മണ്യന്‍, അലോഷ്യസ് സേവ്യര്‍, പി.കെ.ജയലക്ഷ്മി, കെ.എല്‍.പൗലോസ്, എന്‍.കെ. വര്‍ഗീസ്, പി.പി.ആലി, കെ.കെ.വിശ്വനാഥന്‍, വി.എ.മജീദ്, ഒ.വി.അപ്പച്ചന്‍, എം.എ.ജോസഫ്, എന്‍.എം.വിജയന്‍, ബിനു തോമസ്, എം.ജി.ബിജു, നിസി അഹമ്മദ്, പി.കെ.അബ്ദുറഹ്മാന്‍, ഒ.ആര്‍.രഘു, ആര്‍.രാജേഷ്‌കുമാര്‍, എടക്കല്‍ മോഹനന്‍, നജീബ് കരണി, എന്‍.സി.കൃഷ്ണകുമാര്‍, ചിന്നമ്മ ജോസ്, ഡി.പി. രാജശേഖരന്‍, പോള്‍സണ്‍ കൂവക്കല്‍, എ.എം.നിശാന്ത്, ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.