ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചപ്പോള്‍ പട്ടികയിലെ ആദ്യ പേര് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേത്. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഇത് മൂന്നാംവട്ടമാണ് മോഡി വാരണാസിയില്‍നിന്ന് മത്സരിക്കുന്നത്. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 12 മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കും.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ് ലഖ്‌നൗവില്‍നിന്നും നിതിന്‍ ഗഡ്കരി നാഗ്പുരില്‍നിന്നും സ്മൃതി ഇറാനി അമേത്തിയില്‍നിന്നും ജനവിധി തേടും. അമേതിയില്‍ 2019ല്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് സ്മൃതി ഇറാനി വിജയം നേടിയിരുന്നു. അമിത് ഷാ ഗാന്ധിനഗറില്‍ തന്നെ മത്സരിക്കും. സുഷമസ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് ന്യൂദല്‍ഹി മണ്ഡലത്തില്‍ ജനവിധി തേടും.
ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചസ്ഥാനാര്‍ഥികളില്‍ 28 പേര്‍ വനിതകളാണ്. ഗോത്രവര്‍ഗത്തില്‍നിന്നുള്ള 18 പേരും മത്സരരംഗത്തുണ്ട്.
ഉത്തര്‍പ്രദേശ് 51, വെസ്റ്റ് ബെംഗാള്‍ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാന്‍ 15, തെലങ്കാന 9, അസം 11, ഝാര്‍ഖണ്ഡ് 11, ഛത്തീസ്ഗഢ് 11, ഡല്‍ഹി 5, ജമ്മു കശ്മീര്‍ 2, ഉത്തരാഖമണ്ഡ് 3, അരുണാചല്‍ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആന്തമാന്‍ നിക്കോബാര്‍ 1, ദാമന്‍ ആന്‍ഡ് ദിയു1 എന്നിങ്ങനെയാണ് ബി.ജെ.പി. മത്സരിക്കുക.