പത്തനംതിട്ട- ലോക്സഭാ സീറ്റിന് കാത്തിരുന്ന പി.സി ജോര്‍ജിന് നിരാശ. ബി.ജെ.പി ആദ്യഘട്ടസ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പൊട്ടിത്തെറിക്കാന്‍ പോലുമാകാതെ നിസ്സഹായനായി പി.സി. തനിക്കോ മകനോ കിട്ടുമെന്ന് പ്രതീക്ഷിച്ച പത്തനംതിട്ടസീറ്റ് അനില്‍ ആന്റണിക്കാണ് ബി.ജെ.പി നീക്കിവെച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം നിരാശ മറച്ചുവെച്ചില്ല.
വെള്ളാപ്പള്ളിയും മകന് തുഷാറുമാണ് തനിക്ക് പാരവെച്ചതെന്ന് ജോര്‍ജ് തുറന്നടിച്ചു. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കരുത് എന്നാഗ്രഹിച്ച മറ്റൊരാള്‍ പിണറായി വിജയനാണ്. എന്‍.എസ്.എസ് തന്നെ പിന്തുണച്ചു. അതില്‍ നന്ദിയുണ്ട്.
അനില്‍ ആന്റണി പത്തനംതിട്ടക്ക് പറ്റിയ സ്ഥാനാര്‍ഥിയല്ല. ചെറുപ്പക്കാരനാണ്, ദല്‍ഹി മാത്രമേ അറിയൂ. പത്തനംതിട്ടയെക്കുറിച്ച് ഒന്നുമറിയാത്ത അനിലിനെ പരിചയപ്പെടുത്താന്‍ പോസ്റ്ററുകള്‍ കൂടുതല്‍ അടിക്കേണ്ടി വരുമെന്ന് ജോര്‍ജ് പരിഹസിച്ചു. സ്വന്തം അച്ഛന്റെ വോട്ട് പോലും കിട്ടാത്ത സ്ഥാനാര്‍ഥിയായിരിക്കും അനിലെന്നും ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. അത് തന്റെ കടമയാണ്. മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അത് താന്‍ മറച്ചുവെച്ചിട്ടുമില്ല.
അതേസമയം, വിജയപ്രതീക്ഷയുണ്ടെന്ന് അനില്‍ ആന്റണി പ്രതികരിച്ചു. മികച്ച മത്സരം കാഴ്ചവെക്കും. തനിക്കല്ല, നരേന്ദ്രമോഡിക്കാണ് പത്തനംതിട്ടക്കാര് വോട്ടുചെയ്യുകയെന്ന് അനില്‍ പറഞ്ഞു.
പി.സി. ജോര്‍ജിനെ തഴഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന് മികച്ച പരിഗണന നല്‍കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തോട് പ്രതികരിക്കവേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വ്യക്തമാക്കി.