Sorry, you need to enable JavaScript to visit this website.

വി.സിയെ സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

ആലപ്പുഴ- പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിയായില്ല. സര്‍ക്കാരുമായോ വകുപ്പുമായോ ഒരുതരത്തിലും ആലോചിക്കാതെയാണ് ഗവര്‍ണര്‍ പെട്ടെന്ന് ഈ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ ഈ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കുട്ടികള്‍ തമ്മിലുള്ള പ്രശ്നമാണ് കോളേജില്‍ നടന്നത്. അതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് 19 പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇനിയും കുറ്റക്കാരുണ്ട്. സര്‍വകലാശാലയുടെ ഡീന്‍ എന്ന് പറയുന്നയാള്‍ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്റ്റലിന്റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാള്‍ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണംപോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. മരണം സംഭവിച്ച കാര്യം എത്രയും പെട്ടെന്ന് കുട്ടിയുടെ വീട്ടില്‍ അറിയിക്കേണ്ട ചുമതല ഡീന്‍ ഏറ്റെടുക്കണമായിരുന്നു. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പോലീസിന്റെ കൂടി അന്വേഷണം കൊണ്ടുവന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യിക്കുവാനും മൂന്ന് വര്‍ഷത്തേക്ക് അവരെ ഡീബാര്‍ ചെയ്തു. അത് നിസാരപ്പെട്ട കാര്യമല്ല. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെയാണ് ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രാജ്ഭവന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

Latest News