Sorry, you need to enable JavaScript to visit this website.

വാട്ടര്‍ ടാങ്കിലെ അസ്ഥികൂടം ആരുടേത്... മകന്റേതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അവിനാഷിന്റെ പിതാവ്

തിരുവനന്തപുരം- കാര്യവട്ടം കാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ നിന്നു അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസന്‍സിന്റെ ഉടമയായ യുവാവിന്റെ പിതാവ്. ഡി.എന്‍.എ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാന്‍ കഴിയില്ല. 2017ന് ശേഷം മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാഷ് ആനന്ദിന്റെ പിതാവ് ആനന്ദ് കൃഷ്ണ പറഞ്ഞു.
അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. അവിനാഷിന്റെ പിതാവില്‍ നിന്ന് പോലീസ് വിവരങ്ങള്‍ അന്വേഷിക്കുകയാണ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പോലീസ് വിവരങ്ങള്‍ എടുത്തത്.

കണ്ണൂര്‍ തലശേരി ശ്രീവിലാസില്‍ അവിനാഷ് ആനന്ദ് എന്നാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസ്ഥികൂടത്തില്‍നിന്ന് പാന്റ്‌സും ഷര്‍ട്ടുമായിരുന്ന് വേഷമെന്ന് സ്ഥിരീകരിച്ചു. ടാങ്കില്‍ തൂങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. കുരുക്കിട്ട ഒരു കയര്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതാണ് സംശയത്തിന് കാരണം. വാട്ടര്‍ ടാങ്കില്‍ നിന്ന് ബാഗ്, തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മരിച്ചത് ഐ.ടി പ്രൊഫഷണലാകാമെന്ന സംശയമുണ്ട്. തൂങ്ങിമരിച്ച ശേഷം ശരീരം പൂര്‍ണമായി അഴുകി അസ്ഥികള്‍ നിലത്ത് വീണതാകാമെന്നും പോലീസ് പറയുന്നു.

അവിനാഷിന്റെ മാതാപിതാക്കളും സഹോദരനും ചെന്നൈയിലാണ്. വര്‍ഷങ്ങളായി ഇവര്‍ക്ക് നാടുമായി ബന്ധമില്ല. ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന അവിനാഷ് 2017 ലാണ് അവസാനമായി നാട്ടിലെത്തിയതെന്നും ഇതിനുശേഷം തങ്ങള്‍ക്ക് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു.

 

Latest News