Sorry, you need to enable JavaScript to visit this website.

ക്യാമ്പസുകളില്‍ എസ്.എഫ്.ഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം - ക്യാമ്പസുകളില്‍ എസ്.എഫ്.ഐയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം താന്‍ മുമ്പ് പറഞ്ഞതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.

'ഇത് റാഗിംഗിനെ തുടര്‍ന്നുണ്ടായ മരണമാണെന്ന് പറയാന്‍ സാധിക്കില്ല, കൊലപാതകമാണ്. വിദ്യാര്‍ഥിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മൂന്ന് ദിവസത്തോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ്. ഇതില്‍നിന്ന് എന്താണ് മനസിലാക്കേണ്ടത്? യുവാവിനെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ്. കോളേജ് അധികൃതര്‍ക്ക് ഇതിനെ കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പറയുന്നതും വിശ്വസിക്കാന്‍ സാധിക്കില്ല. അവര്‍ക്കിതില്‍ പങ്കുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു. ഓരോ സര്‍വകലാശാലകളിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടുത്തെ ഒരു ഹോസ്റ്റല്‍ അവരുടെ ഹെഡ്ക്വാട്ടേഴ്‌സ് ആക്കി മാറ്റിയിരിക്കുകയാണ്. കോളേജ് അധികൃതര്‍ക്ക്‌പോലും അവിടേക്ക് പോകാന്‍ പേടിയാണ്. എസ്.എഫ്.ഐയും പി.എഫ്.ഐയും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ചില ആളുകളും വയനാട്ടിലെ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്-ഗവര്‍ണര്‍ പറഞ്ഞു.

ഇതിനിടെ സിദ്ധാര്‍ഥന്റെ മരണത്തില്‍ വെറ്റിനറി സര്‍വകലാശാല വി.സിയെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ വ്യക്തമാക്കി. കേരളത്തിലേത് മികച്ച പോലീസാണെങ്കിലും ഭരിക്കുന്ന പാര്‍ട്ടിക്ക് വിരുദ്ധമായി അവര്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Latest News