Sorry, you need to enable JavaScript to visit this website.

എതിരാളികള്‍ കളത്തിലില്ല, മണ്ഡലത്തില്‍ ഓടിയെത്താന്‍ എ. വിജയരാഘവന്‍

പാലക്കാട്- മറ്റു സ്ഥാനാര്‍ത്ഥികള്‍ ഔദ്യോഗിക പര്യടനത്തിനിറങ്ങും മുമ്പ് കളത്തിലിറങ്ങി പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ. വിജയരാഘവന്‍. മണ്ഡലത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ട് സഹായമഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് അദ്ദേഹം. യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കാത്തതിനാല്‍ ഇരുമുന്നണികള്‍ക്കും ഇതുവരെ പരസ്യമായി പ്രചരണരംഗത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എം.പി വി.കെ. ശ്രീകണ്ഠനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും യഥാക്രമം യു.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും സ്ഥാനാര്‍ത്ഥികളായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എതിരാളികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ മണ്ഡലത്തില്‍ ഒരു വട്ടമെങ്കിലും ഓടിയെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.
നേരത്തേ പാലക്കാട് എം.പിയായി പ്രവര്‍ത്തിച്ച് പരിചയമുള്ള വിജയരാഘവന്‍ തന്റെ പഴയ സൗഹൃദങ്ങളെ കോര്‍ത്തെടുക്കാനാണ് സമയം ചെലവഴിക്കുന്നത്. ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എന്‍.എന്‍.കൃഷ്ണദാസിനാണ് സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. രണ്ടു തവണ പാലക്കാട്ടു നിന്ന് ലോകസഭയിലെത്തിയ മന്ത്രി എം.ബി.രാജേഷിന്റെ സേവനവും മണ്ഡലത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏക പൊളിറ്റ്ബ്യൂറോ അംഗമായതിനാല്‍ പാലക്കാട്ട് പ്രചാരണത്തില്‍ ചെറിയൊരു വീഴ്ച പോലും ഉണ്ടാകരുതെന്ന് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019ല്‍ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട മണ്ഡലം മുതിര്‍ന്ന നേതാവിലൂടെ ഇക്കുറി തിരിച്ചു പിടിക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സി.പി.എം.

 

 

Latest News