ന്യൂദല്‍ഹി- ആഭ്യന്തര യുദ്ധവും സര്‍ക്കാര്‍ വിരുദ്ധ പോരും ശക്തമായി തുടരുന്ന സിറിയയിലേക്ക് ഇന്ത്യ വിദേശകാര്യ മന്ത്രി സുഷമ സ്വാരാജിനെ അയക്കുന്നു. 2011ല്‍ യുദ്ധം ആരംഭിച്ച ശേഷം സിറിയ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ മന്ത്രിയായിരിക്കും സുഷമ. അടുത്തയാഴ്ച സുഷമ സിറിയയിലേക്കു പോകുമെന്നാണ് റിപോര്‍ട്ട്. രാസായുധ പ്രയോഗിച്ചെന്ന് ആരോപിച്ച് സിറയയിലെ ബശാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ യുഎസ് യുദ്ധം ശക്തമാക്കാന്‍ തയാറെടുക്കുന്നിതിനിടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
സുഷമയുടെ സന്ദര്‍ശനം ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ റിയാദ് അബ്ബാസ് സ്ഥിരീകരിച്ചു. ഈ മാസം 14ഓടെ അവര്‍ സിറിയയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് അല്‍ മുഅലമിനൊപ്പം സംയുകത കമ്മീഷന്‍ യോഗത്തിലും സുഷമ പങ്കെടുക്കും. മുഅലം 2016ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സിറിയയുമായുള്ള വാണിജ്യ ബന്ധം പുനരുജ്ജീവിപ്പിക്കല്‍, യുദ്ധക്കെടുതി നേരിടാന്‍ സഹായം നല്‍കല്‍ എന്നിവയായിരിക്കും സുഷമയുടെ സന്ദര്‍ശന അജണ്ടയില്‍ പ്രധാനം.