കാസര്‍കോട്- അധ്യാപനത്തിന്റെ അനുഭവങ്ങള്‍ അയവിറക്കി മാഷെത്തിയപ്പോള്‍ കലാലയങ്ങള്‍ ആദരപൂര്‍വം വരവേറ്റു. വിദ്യാര്‍ഥികളോടും നാട്ടുകാരോടും വോട്ടഭ്യര്‍ഥിച്ചുള്ള എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്റെ കാസര്‍കോട്, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൊരിവെയിനെയും വകവെക്കാത്ത ആവേശത്തിലാണ്. കാസര്‍കോട് ഗവണ്മെന്റ് കോളേജിലും ഇന്നലെ പെരിങ്ങോം ഗവണ്മെന്റ് കോളേജിലും ഐ ടി ഐയിലും മാതമംഗലം കുറ്റൂര്‍ സണ്‍റൈസ് കോളേജിലും വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ത്ഥിയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മാഷുമായി ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കാനും ചിത്രം പതിച്ച പോസ്റ്ററുകള്‍ തൂക്കിയിടാനും കുട്ടികള്‍ മത്സരിച്ചു. തൊഴിലില്ലായ്ക്കെതിരെയുള്ള ഡി.വൈ.എഫ്. ഐ സമരത്തില്‍ പൊലീസ് വെടിയേറ്റ് രക്തസാക്ഷിയായ
കൊല്ലങ്കാനയിലെ ബാലകൃഷ്ണന്റെ രക്തസാക്ഷി മണ്ഡലത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് വ്യാഴാഴ്ച പര്യടനം ആരംഭിച്ചത്. മൗലികാവകാശ കേസില്‍ ഇന്ത്യന്‍ നിതീന്യായ ചരിത്രത്തില്‍ ഇടം നേടിയ പ്രസിദ്ധമായ എടനീര്‍ മഠത്തിലെത്തി. മഠാധിപതി സച്ചിതാനന്ദ ഭാരതി മാഷിനെ സ്വീകരിച്ചു. ചെര്‍ക്കള സൈനബ് ബിഎഡ് സെന്ററില്‍ അധ്യാപക വിദ്യാര്‍ഥികളെ കാണാനെത്തിയപ്പോള്‍ ആവേശകരമായിരുന്നു സ്വീകരണം. ദേശീയ ശാസ്ത്ര ദിനാഘോഷ പരിപാടിക്കിടെയാണ് കോളേജിലെത്തിയത്. തന്റെ അധ്യാപക അനുഭവങ്ങള്‍ സ്ഥാനാര്‍ഥി അവരോട് പങ്കുവച്ചു. അധ്യാപകനായതും പിന്നീട് പ്രധാനധ്യാപകനായി സ്വയംവിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായതും വിശദീകരിച്ചു. വിദ്യാനഗറിലെ കണ്ണൂര്‍ സര്‍വകലാശാല ബിഎഡ് സെന്ററിലുമെത്തി വിദ്യാര്‍ഥികളെ കണ്ടു. കാസര്‍കോട് ഗവ കോളേജിലും വിദ്യാനഗറിലെ ഗവ. ഐ.ടി.ഐയിലും പ്രകടനമായാണ് മാഷിനെ വരവേറ്റത്. സ്ഥാനാര്‍ഥിയുടെ ചിത്രമുള്ള പ്ലകാര്‍ഡുകളും പതാകകളും മുദ്രാവാക്യങ്ങളും ഉയര്‍ന്ന അന്തരീക്ഷത്തില്‍ എല്‍.ഡി.എഫ് വിജയത്തിന് കലാലയങ്ങള്‍ കൂടെയുണ്ടന്ന് വിളംബരം ചെയ്യുന്നതായിരുന്നു സ്വീകരണം.
സിവില്‍സ്റ്റേഷനിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമെത്തി ആളുകളെ കണ്ടു. ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയവും തളങ്കര മാലിക്ദിനാര്‍ പള്ളിയും സന്ദര്‍ശിച്ചു. എല്‍.ഡി.എഫ് നേതാക്കളായ സി എച്ച് കുഞ്ഞമ്പു എംഎല്‍എ, സിജി മാത്യു, കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, ബിജു ഉണ്ണിത്താന്, അസീസ് കടപ്പുറം, വി സുരേഷ് ബാബു , ബിപിന്‍ രാജ് പായം, അബ്ദുറഹ്മാന് ബാങ്കോട്, അസൈനാര്‍ നുള്ളിപ്പാടി എന്നിവര്‍ കൂടെയുണ്ടായി. തളങ്കരയില്‍ നിന്ന് തുറന്ന വാഹനത്തില്‍ എം വി ബാലകൃഷ്ണന് നടത്തിയ റോഡ്ഷോയും ആവേശകരമായി. കാസര്‍കോട് നഗരം, കറന്തക്കാട്, ഉളിയത്തടുക്ക, വിദ്യാനഗര്‍ വഴി ചെര്‍ക്കളയില്‍ സമാപിച്ചു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി നൂറുകണക്കിനാളുകള്‍ അകമ്പടിയേകി. ഇന്നലെ രാവിലെ
പെരിങ്ങോത്തെ ഗവണ്മെന്റ് കോളേജ്, പാടിയോട്ടുചാല്‍, ചെറുപുഴ, പെരിങ്ങോം ഗവ. ഐ ടി ഐ, മാതമംഗലം കുറ്റൂര്‍ കോളേജ് തുടങ്ങിയ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.