മലപ്പുറം-വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കും അപകട മേഖലയായ വട്ടപ്പാറ വളവും ഒഴിവാക്കി തൃശൂര്‍-കോഴിക്കോട് ദേശീയപാതയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് 18.37 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രത്യേകം താത്പര്യമെടുത്താണ് പദ്ധതി പൂര്‍ത്തീകരണത്തിനായി ഇടപെടല്‍ നടത്തിയത്. ഇതോടെ പ്രദേശവാസികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 2012 ല്‍ ആരംഭിച്ച പാതയുടെ പ്രവൃത്തികള്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം അനന്തമായി നീളുകയായായിരുന്നു. ഇതോടെ കരാര്‍ ഏറ്റെടുത്ത കമ്പനി പദ്ധതിയില്‍ നിന്നു പിന്‍മാറി. തുടര്‍ന്ന് 2019 ല്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാണ് പുതിയ കരാര്‍ കമ്പനിക്ക് കൈമാറിയത്. തുടര്‍ന്ന് ജല അഥോറിറ്റിയുടെ പൈപ്പ്ലൈന്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെ സാങ്കേതിക തടസങ്ങളും പദ്ധതിക്ക് വൈകാന്‍ ഇടയാക്കി. തുടര്‍ന്നാണ് വിവിധ ഘട്ടങ്ങളായി ടാറിംഗ് നടത്താന്‍ തീരുമാനിച്ചത്. മൂടാല്‍ മുതല്‍ ചുങ്കം വരെയും കഞ്ഞിപ്പുര മുതല്‍ അമ്പലപ്പറമ്പ് വരെയുമുള്ള ഭാഗങ്ങള്‍ നിലവില്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ചുങ്കം മുതല്‍ അമ്പലപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുളളത്. സ്ഥലം വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ട പരിഹാരത്തുക മാത്രമായി 40 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്.
ഗതാഗതക്കുരുക്കിന് പരിഹാരമാകും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മലപ്പുറം-കോട്ടക്കല്‍, വളാഞ്ചേരി നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹമാണ് കഞ്ഞിപ്പുര - മൂടാല്‍ ബൈപ്പാസ്.
ഈ ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും അവസാനമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബൈപ്പാസ് എന്ന യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥലത്തിലും ഒരുപാട് തവണ യോഗങ്ങള്‍ നടത്തി. നിരന്തരം ഇടപെട്ടതിന്റെ ഫലമായാണ് ഇപ്പോള്‍ പുതുക്കിയ ഭരണാനുമതിക്ക് സര്‍ക്കാര്‍ ഉത്തരവ് ആയിരിക്കുന്നത്. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആഗ്രഹമാണ് സഫലമാകുന്നതെന്നും മന്ത്രി പറഞ്ഞു.