ജിദ്ദ - ഗാസയിലെ ഫലസ്തീനികള്‍ക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ നടത്തുന്ന ജനകീയ സംഭാവന ശേഖരണ യജ്ഞത്തിന്റെ ഭാഗമായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ വഴി സൗദി അറേബ്യ ഇതിനകം ഗാസയില്‍ 400 ലേറെ ട്രക്ക് ലോഡ് റിലീഫ് വസ്തുക്കള്‍ എത്തിച്ചതായി കണക്ക്.
ഈജിപ്ത്, ഗാസ അതിര്‍ത്തിയിലെ റഫ ക്രോസിംഗ് വഴിയാണ് സൗദി അറേബ്യ ഗാസയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കുന്നത്. കഴിഞ്ഞ വാരാദ്യത്തില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്ററില്‍ നിന്നുള്ള റിലീഫ് വസ്തുക്കള്‍ വഹിച്ച 22 ട്രക്കുകള്‍ റഫ ക്രോസിംഗ് വഴി ഗാസയിലെത്തിച്ചു. ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ വസ്തുക്കളും തമ്പുകളും അടക്കമുള്ള റിലീഫ് വസ്തുക്കളാണ് സൗദി അറേബ്യ ഗാസയിലേക്ക് അയക്കുന്നത്. റിലീഫ് വസ്തുക്കള്‍ വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും ഈജിപ്തിലെ അല്‍അരീശ് എയര്‍പോര്‍ട്ടിലും പോര്‍ട്ട്‌സഈദ് തുറമുഖത്തും എത്തിച്ചാണ് റഫ ക്രോസിംഗ് വഴി ഗാസയിലേക്ക് അയക്കുന്നത്. ഗാസ നിവാസികള്‍ക്കു വേണ്ടിയുള്ള ജനകീയ സംഭാവന ശേഖരണ യജ്ഞത്തിലൂടെ ഇതിനകം 60 കോടിയിലേറെ റിയാല്‍ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.