Sorry, you need to enable JavaScript to visit this website.

ഭരണഘടനയില്‍നിന്ന് സെക്കുലര്‍ വെട്ടണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

ഹൈദരാബാദ്-ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് സെക്കുലര്‍ എന്ന വാക്ക് ഒഴിവാക്കണമെന്ന് നിസാമാബാദില്‍ നിന്നുള്ള വിവാദ ബിജെപി എം.പി അരവിന്ദ് ധര്‍മപുരി.
1947ല്‍  ഭൂരിപക്ഷാഭിലാഷത്തിന് വിരുദ്ധമായി രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടുവെന്നും അതിനിടയില്‍ ലക്ഷക്കണക്കിന് ആളുകള്‍ അനാവശ്യമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അതിനുശേഷം ഈ വാക്ക് തുടരാന്‍ ന്യായീകരണമില്ല.
രാജ്യം മൂന്നായി വിഭജിക്കപ്പെട്ടു, അതില്‍ രണ്ടെണ്ണം ഇസ്ലാമിക രാഷ്ട്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. പിന്നെ ഹിന്ദുക്കളുടെ കാര്യമോ? എന്തുകൊണ്ടാണ് 1975ല്‍ ഒന്നും സംഭവിക്കാത്ത സമയത്ത് മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിര്‍ബന്ധമായി ചേര്‍ത്തത്. ഇത് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയമാണെന്ന് അരവിന്ദ് പറഞ്ഞു.
മതേതരത്വം ഭരണഘടനയില്‍നിന്ന് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും അതേ കുറിച്ച് സംസാരിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരത്തില്‍ അടിയന്തരാവസ്ഥക്കാലത്താണ് 1976ലെ ഭരണഘടനാ 42ാം ഭേദഗതി നിയമത്തിലൂടെ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവിധ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടിയ ആളുകള്‍ ജനത്തില്‍ (സ്വര്‍ഗ്ഗം) സ്ഥാനം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന അരവിന്ദിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.  
നിങ്ങള്‍ നല്ലത് ചെയ്താല്‍ (മോഡിക്ക് വോട്ട് ചെയ്യുക) നിങ്ങള്‍ക്ക് ജന്നത്തില്‍ സ്ഥാനമുണ്ട്. അവരെല്ലാം ജന്നത്തിലേക്ക് പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ജഹന്നം (നരകത്തില്‍) പോകുന്നതിനെക്കുറിച്ച് ആളുകള്‍ എന്തിന് ചിന്തിക്കണം. എന്റെ മണ്ഡലത്തില്‍ നിന്ന് എല്ലാവരും ജന്നത്തിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അനുസൃതമായി ബിജെപി 370 ലോക്‌സഭാ സീറ്റുകള്‍ നേടുമെന്ന് പറഞ്ഞ അരവിന്ദ് രാജ്യത്തുടനീളം ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Latest News